ഫയല്‍ ചിത്രം
ഇന്ത്യക്കാരുടെ യുഎസ് സ്വപ്നങ്ങളുടെ ചിറകരിഞ്ഞാണ് മൂന്നാമത്ത വിമാനവും അമൃത്സറില്‍ പറന്നിറങ്ങിയത്. 112 അനധികൃത കുടിയേറ്റക്കാരുമായാണ് യു.എസിൽനിന്നുള്ള മൂന്നാമത്തെ വിമാനം ഞായറാഴ്ച രാത്രി ഇന്ത്യയിലെത്തിയത്. പല പ്രതീക്ഷകളുമായി ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് പലരും യുഎസിലേക്കുള്ള യാത്ര ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച സ്വീകരണമായിരുന്നില്ല ആര്‍ക്കും ലഭിച്ച
പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ മാംഡോട്ട് ബ്ലോക്കിലെ തരൺവാല ഗ്രാമത്തില്‍ നിന്നുള്ളയാളാണ് നവ്ദീപ് സിങ്. എട്ട് മാസത്തിനിടെ രണ്ടു തവണ നവ്ദീപ് സിങ് യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ തിരിച്ചയക്കപ്പെട്ട ഇയാളെ വീണ്ടും തിരിച്ചയക്കുമെന്ന് യുഎസ് അധികൃതര്‍ വീട്ടില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. രണ്ട് തവണത്തെ യുഎസ് സ്വപ്നങ്ങള്‍ക്കായി നവ്ദീപ് ചെലവാക്കിയത് 55 ലക്ഷം രൂപയാണ്.
കുടുംബത്തിന്‍റെ ഭൂമി വിറ്റാണ് നവ്ദീപിന് യുഎസിലേക്ക് പോകാനുള്ള 40 ലക്ഷം രൂപ സംഘടിപിച്ചത്. ബന്ധുക്കളില്‍ നിന്നും പലിശയ്ക്ക് കടം നല്‍കുന്നവരില്‍ നിന്നും കൈവായ്പ വാങ്ങിയാണ് ബാക്കി തുക കണ്ടെത്തിയത്. ഈ തുക ഉപയോഗിച്ചായിരുന്നു നവ്ദീപ് കഴിഞ്ഞ വര്‍ഷം യുഎസിലേക്ക് എത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ പനാമ സിറ്റിയില്‍ നിന്നും അറസ്റ്റിലായ നവ്ദീപിനെ കഴിഞ്ഞ ജൂണില്‍ തിരികെ അയച്ചു.
രണ്ടു മാസത്തോളം വീട്ടില്‍ തുടര്‍ന്ന ശേഷമാണ് നവ്ദീപിന് വീണ്ടും യുഎസ് മോഹങ്ങള്‍ ഉദിച്ചത്. പഴയ ഏജന്‍റിനെ വീണ്ടും സമീപിച്ചു. 15 ലക്ഷം രൂപയാണ് ഇത്തവണ ഏജന്‍റ് ആവശ്യപ്പെട്ടത്. ഈ ശ്രമത്തിലൂടെ രണ്ടു മാസം മുന്‍പാണ് നവ്ദീപ് വീണ്ടും യുഎസിലെത്തിയത്. ആഴ്ചകള്‍ക്കുള്ളില്‍ ബോര്‍ഡര്‍ പെട്രോളിങിന്‍റെ പിടിയിലായി ജനുവരി 27ന് ജയിലടച്ചു.
അതിന് ശേഷം മകനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് പിതാവ് കശ്മീര്‍ സിങ് പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് നവ്ദീപിനെ തിരിച്ചയക്കുമെന്ന വിവരം യുഎസ് അധികൃതരില്‍ നിന്നും ലഭിച്ചത്. അസുഖബാധിതനായതിനാല്‍ ശനിയാഴ്ച എത്തിയ വിമാനത്തില്‍ നവ്ദീപ് സിങിനെ കൊണ്ടുവന്നിരുന്നില്ല.
ശനിയാഴ്ചത്തെ വിമാനത്തില്‍ ഹരിയാനയിലെ ജിന്‍ഡില്‍ നിന്നുള്ള രവി. പത്ത് രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് 20 ദിവസം മുന്‍പ് ഇയാള്‍ യുഎസിലേക്ക് എത്തിയത്. മാസങ്ങളോളം കാട്ടില്‍ കഴിഞ്ഞ മതില്‍ ചാടിയായിരുന്നു യുഎസിലേക്ക് കടന്നത്. നിയമപ്രകാരമാണ് യുഎസിലേക്ക് കടക്കുന്നതെന്ന് പറഞ്ഞാണ് ഏജന്‍റ് 29 ലക്ഷം രൂപ കബളിപ്പിച്ചതെന്ന് രവിയുടെ സഹോദരന്‍ അമിത് പറഞ്ഞു. ആദ്യം ദുബായിലെത്തി. മാസങ്ങള്‍ പനാമയിലെ കാട്ടിലായിരുന്നു. കൃത്യമായ ഭക്ഷണമോ സൗകര്യമോ ഇല്ലാതെ ദീര്‍ഘനാള്‍ കഴിഞ്ഞു. ഏജന്‍റ് വീണ്ടും ആറു ലക്ഷം രൂപ ആവശ്യപ്പെട്ടതോെട കൃഷി ഭൂമി കൂടി വിറ്റാണ് പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ ഇന്നലെ രാത്രി 10:03നാണ് നാടുകടത്തപ്പെട്ടവരുമായി മൂന്നാമത്തെ സൈനിക വിമാനം ഇറങ്ങിയത്. നാടുകടത്തപ്പെട്ട 112 പേരിൽ 44 പേർ ഹരിയാനയിൽനിന്നും 33 പേർ ഗുജറാത്തിൽനിന്നും 31 പേർ പഞ്ചാബിൽ നിന്നുമുള്ളവരാണ്. ഉത്തർപ്രദേശിൽ നിന്നുള്ള രണ്ടുപേരും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് ഓരോരുത്തരും ഉൾപ്പെടുന്നു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഇവരെ സ്വന്തം നാടുകളിലേക്കയച്ചു. മൂന്നുതവണയായി 335പേരെയാണ് അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും കൂടിക്കാഴ്ച നടന്ന ശേഷവും ഇന്ത്യക്കാരെ വിലങ്ങുകളിട്ടു കൊണ്ടുവന്നതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു.