ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍ യാത്രക്കാരെ സഹായിക്കുന്ന സേനാംഗങ്ങള്‍.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ അപകടമുണ്ടാക്കിയ ക്ഷതം മറികടക്കാൻ തിരക്കിട്ട ശ്രമങ്ങളുമായി റെയിൽവേ. ഇന്ന് പ്രയാഗ് രാജിലേക്ക് അഞ്ച് പ്രത്യേക ട്രെയിനുകൾ സര്‍വീസ് നടത്തും. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും സഹായിക്കാനും കൂടുതൽ ആർ.പി.എഫ്, റെയില്‍വേ പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി വൈകിയും സ്റ്റേഷനിൽ വൻ തിരക്ക് അനുഭവപ്പെട്ടു.. ആയിരക്കണക്കിന് യാത്രക്കാർ ട്രെയിനുകളിൽ കയറാൻ പാടുപെട്ടു. മഹാ കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്കുള്ള തീർത്ഥാടകരുടെ തിരക്കാണ് തുടരുന്നത്. പ്ലാറ്റ്‌ഫോമുകളിലും നടപ്പാലങ്ങളിലും യാത്രക്കാർ നിറഞ്ഞിരുന്നു. യൂപിയിലെ വിവിധ സ്റ്റേഷനുകളിലും പട്ന സ്റ്റേഷനിലും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ റെയിൽവേ നിയോഗിച്ച സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്. 18 പേരാണ് മരിച്ചതെന്നാണ് സർക്കാരും റെയിൽവേയും ആവർത്തിക്കുന്നത്. എന്നാൽ ഡൽഹിയിലെ വിവിധ ആശുപത്രികളിലായി കൂടുതൽ മൃതദേഹങ്ങൾ എത്തിയിരുന്നു എന്നും യഥാർത്ഥ മരണസംഖ്യ പുറത്തുവിടണമെന്നുമാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.
പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ ഇന്നലെ 1.49 കോടിയിലധികം തീർത്ഥാടകർ സ്നാനം നടത്തിയതായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇതുവരെ 52.96 കോടിയിലധികംപേർ സ്നാനം ചെയ്തു.