അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് വിവാദമായ ''ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ്'' എപ്പിസോഡ് യൂട്യൂബില്‍ നിന്ന് നീക്കി. യൂട്യൂബര്‍ റണ്‍വീര്‍ അലഹബാദിയ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ അസം പൊലീസും കേസെടുത്തു. കേരളത്തെ പരിഹസിച്ചുള്ള ഈ ഷോയിലെ പഴയ പരാമര്‍ശങ്ങളെ ട്രോളി മലയാളികളും രംഗത്തുവന്നു.
യൂട്യൂബ് ഷോയ്ക്ക് എതിരെ വ്യാപക വിമര്‍ശനം വന്നതോടെ ആണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ ഇടപെടല്‍. കേന്ദ്രത്തിന്‍റെ പരാതിയെ തുടര്‍ന്ന് ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റിന്‍റെ വിവാദമായ എപ്പിസോഡ് യൂട്യൂബില്‍ നിന്ന് അധികൃതര്‍ നീക്കി. അതേസമയം, ഷോയുടെ ഭാഗമായ യൂട്യൂബര്‍ റണ്‍വീര്‍ അലഹബാദിയ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ അസം പൊലീസും കേസെടുത്തു. ഐ.ടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്. റണ്‍വീറിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് മുംബൈ പൊലീസ്. മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചൂണ്ടിക്കാട്ടിയുള്ള ചില പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതേ ഷോയില്‍ നേരത്തെ കേരളത്തിന്‍റെ നൂറ് ശതമാനം സാക്ഷരതയെയും പരിഹസിച്ചിരുന്നു.
കേസിന് പിന്നാലെ ഷോയുടെ ടീമിനെ ട്രോളിക്കൊണ്ട് മലയാളികള്‍ രംഗത്തുവന്നു. ഇപ്പോഴത്തെ വേദന കാര്യമാക്കേണ്ട, അത് ശീലമാകുമെന്നാണ് യൂട്യൂബര്‍മാര്‍ക്ക് നല്‍കുന്ന ഉപദേശം.