വിവാഹത്തില്‍ നിന്നും പിന്മാറാന്‍ പല കാരണങ്ങളും നാം കേട്ടിട്ടുണ്ടായിരിക്കും. സ്വത്ത്, ജോലി, മതം, ജാതി, സ്വഭാവം എന്നിവയൊക്കെ ചൂണ്ടിക്കാട്ടി വരനും വധുവും അവരുടെ കുടുംബവുമൊക്കെ വിവാഹത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ മുര്‍തിസപുരില്‍ വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണം കേട്ട് പലര്‍ക്കും അത്ഭുതമായി. വരന് സിബില്‍ സ്കോര്‍ കുറഞ്ഞത് അറിഞ്ഞാണ് ഇവര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്.
ഇരുവീട്ടുകാരുടെയും വിവാഹ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായിരുന്നു. ഈ സമയത്താണ് വധുവിന്‍റെ അമ്മാവന്‍ വരന്‍റെ സിബില്‍ സ്കോര്‍ പരിശോധിക്കണം എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. പിന്നാലെ സിബില്‍ സ്‌കോര്‍ പരിശോധിച്ചപ്പോള്‍ വരന് നിരവധി ലോണുകളുള്ളതും തിരിച്ചടവ് മുടങ്ങിയതായും കണ്ടു. അതിനാല്‍ തന്നെ ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നതായിരുന്നു.
പിന്നാലെ യുവതിയുടെ അമ്മാവന്‍ വിവാഹം നടത്തുന്നതിനെ ശക്തമായി എതിര്‍ത്തു. തിരിച്ചടവുകള്‍ മുടങ്ങി സാമ്പത്തികമായി പ്രയാസം നേരിടുന്ന വരന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ എങ്ങനെ നോക്കുമെന്നായിരുന്നു അമ്മാവന്റെ ചോദ്യം. അതോടെയാണ് വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തികളുടെ സിബില്‍ സ്കോര്‍ പരിശോധിച്ചാണ് ലോണ്‍ അനുവദിക്കാറുള്ളത്. ധനസ്ഥിതിക്ക് അധികമായി ലോണുകള്‍ എടക്കുന്നവര്‍ക്കും ലോണ്‍ അടവ് മുടങ്ങുന്നവര്‍ക്കും സിബില്‍ സ്കോര്‍ കുറയും. തിരിച്ചടവിലെ അസ്ഥിരതയെ ആണ് കുറഞ്ഞ സിബില്‍ സ്കോര്‍ കാണിക്കുന്നത്