രാജ്യത്തെ റോഡുകളിലെ ടോളുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ വാർഷിക, ആജീവനാന്ത ടോൾ പാസുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്ര കൂടുതൽ ചെലവ് കുറഞ്ഞതാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. സ്ഥിരമായി റോഡ് മാര്‍ഗം സഞ്ചരിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
പുതിയ പദ്ധതിയില്‍ യാത്രക്കാർക്കായി 3,000 രൂപയ്ക്ക് വാർഷിക ടോൾ പാസ് അനുവദിക്കും. ഇത് എല്ലാ ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും ഒരു വർഷത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കും. വാർഷിക ടോൾ പാസ് കൂടാതെ 30,000 രൂപയ്ക്ക് ഒറ്റത്തവണ പേയ്‌മെന്റിലൂടെ ആജീവനാന്ത അഥലാ ലൈഫ് ടൈം ടോള്‍ പാസും അവതരിപ്പിക്കും. 15 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും ലൈഫ് ടൈം പാസുകള്‍. ഇത് നിലവിലുള്ള ഫാസ്റ്റ് ടാഗ് സിസ്റ്റവുമായി സംയോജിപ്പിക്കുകയും ചെയ്യും.
നിലവിൽ, പ്രതിമാസ ടോൾ പാസുകൾ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. ടോള്‍ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രാദേശിക വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസം 340 രൂപയാണ് ഈടാക്കുന്നത്. ഇതോടെ യാത്രക്കാരന് പ്രതിവർഷം 4,080 രൂപയാണ് ചിലവാകുന്നത്. മാത്രമല്ല ഈ പ്രതിമാസ പാസുകൾ ഒരു ടോൾ പ്ലാസയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വാർഷിക, ആജീവനാന്ത പാസുകൾ അവതരിപ്പിക്കപ്പെട്ടാല്‍ ചെലവ് കുറയ്ക്കുക മാത്രമല്ല, രാജ്യത്തുടനീളമുള്ള എല്ലാ ടോൾ റോഡുകളിലേക്കും അനിയന്ത്രിതമായ പ്രവേശനം നൽകുകയും ചെയ്യും. ഇത് ടോള്‍ ബൂത്തിലെ തിരക്കും കുറയ്ക്കും. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്.
നിലവിൽ രാജ്യത്തിന്‍റെ മൊത്തം ടോൾ വരുമാനത്തിന്റെ 26 ശതമാനവും സ്വകാര്യ വാഹനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ ടോള്‍ ഗേറ്റുകളില്‍ നിന്ന് പിരിച്ചതാകട്ടെ 55,000 കോടി രൂപയാണ്.