Jaspal (Right- screengrab from PTI)

Jaspal (Right- screengrab from PTI)

അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത് കൈകാലുകള്‍ ബന്ധിച്ചെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയിലേക്കാണ് കൊണ്ടുവരുന്നതെന്ന് അറിഞ്ഞില്ലെന്നും കൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടാണ് വിമാനത്തില്‍ കയറ്റിയതെന്നും തിരിച്ചെത്തിയവരില്‍ ഒരാളായ ജസ്പാല്‍ സിങ് വെളിപ്പെടുത്തി. അമൃത്സറില്‍ ഇറങ്ങിയ ശേഷം മാത്രമാണ് വിലങ്ങും ചങ്ങലയും അഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യക്കാരെ തിരികെ എത്തിച്ച സംഭവം ലോക്സഭ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാണിക്കം ടാഗോര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. 

us-military-aircraft

അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഇന്നലെയാണ് പഞ്ചാബിലെത്തിയത്. 104 പേര്‍ വിമാനത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ മുപ്പതുപേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 33 ഹരിയാനക്കാരും 33 ഗുജറാത്തുകാരും സംഘത്തിലുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടുപേരും തിരിച്ചെത്തി. 

ഡോണള്‍ഡ് ട്രംപ് രണ്ടാംവട്ടം അധികാരമേറ്റതിനുപിന്നാലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നടപടികള്‍ സജീവമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് അനധികൃതമായി അമേരിക്കയില്‍ എത്തുകയോ വീസ, വര്‍ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞശേഷവും അവിടെ തുടരുകയോ ചെയ്ത ഇന്ത്യക്കാരെ നാടുകടത്തുന്നത്. 205 പേരെ തിരിച്ചയക്കുമെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. ശേഷിച്ചവരെ വൈകാതെ മടക്കി അയച്ചേക്കും. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് അനധികൃത മാര്‍ഗങ്ങളിലൂടെ യുഎസില്‍ എത്തിയ ഒട്ടേറെപ്പേര്‍ നാടുകടത്തില്‍ ഭീഷണിയിലാണ്.

ENGLISH SUMMARY:

Jaspal Singh, one of the returnees, reveals that illegal immigrants were brought to India shackled. The opposition has demanded a Lok Sabha discussion on the incident.