രാഷ്ട്രപതിയുടെ അഭിസംബോധനയെ വിമര്‍ശിച്ച് സോണിയാഗാന്ധി നടത്തിയ പരാമര്‍ശം വന്‍ വിവാദത്തില്‍. പാവം സ്ത്രീ, വായിച്ചുകഴിഞ്ഞപ്പോഴേക്കും തളര്‍ന്നുവെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. അന്തസിന് മുറിവേല്‍പിക്കുന്ന പരാമര്‍ശമെന്ന് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു. മുഴുവന്‍ ആദിവാസികളെയും കോണ്‍ഗ്രസ് അപമാനിച്ചെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുശേഷം പാര്‍ലമെന്‍റിന് പുറത്തിറങ്ങിയപ്പോഴാണ് സോണിയയുടെ വിവാദ പരാമര്‍ശം. പ്രസംഗം എങ്ങനെയുണ്ടായിരുന്നു എന്നചോദ്യത്തിനായിരുന്നു മറുപടി.
കടുത്ത അതൃപ്തി അറിയിച്ച രാഷ്ട്രപതി ഭവന്‍, പ്രസംഗത്തിന്‍റെ ഒരുഘട്ടത്തില്‍പ്പോലും രാഷ്ട്രപതി ക്ഷീണിതയായിരുന്നില്ലെന്നും അന്തസ്സിന് മുറിവേല്‍പ്പിക്കുന്നതാണ് പരാമര്‍ശമെന്നും പ്രതികരിച്ചു. മോശം ഉദ്ദേശത്തോടെയുള്ള പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും രാഷ്ട്രപതി ഭവന്‍. രാജ്യത്തെ മുഴുവന്‍ ആദിവാസികളെയും പാവപ്പെട്ട ജനങ്ങളെയുമാണ് സോണിയാ ഗാന്ധി അപമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.
രാഷ്ട്രപതിയെയും ഭരണഘടനയെയുമാണ് സോണിയാ ഗാന്ധി അപമാനിച്ചതെന്ന് ബി.ജെ.പി. ദേശീയഅധ്യക്ഷന്‍ ജെ.പി. നഡ്ഡ. രാഷ്ട്രപതി ദുര്‍ബലയല്ലെന്നും സോണിയാ ഗാന്ധി മാപ്പുപറയണമെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ വാക്കുകളില്‍ അനാദരമില്ലെന്നും പരാമര്‍ശം വളച്ചൊടിക്കുന്നത് നിർഭാഗ്യകരമാണെന്നും പ്രിയങ്ക ഗാന്ധി എം.പി പ്രതികരിച്ചു. സോണിയാഗാന്ധിയുടെ പരാമര്‍ശം വരുംദിവസങ്ങളില്‍ പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കും എന്നുറപ്പാണ്.