മൂന്ന് പ്ലേറ്റ് ചോള ബട്ടൂര വിൽക്കുമ്പോൾ പവൻ കുമാർ റായ് ഇങ്ങനെയൊരു പണി വിചാരിച്ചു കാണില്ല. 105 രൂപ യുപിഐയിൽ സ്വീകരിച്ചതോടെ യൂണിയൻ ബാങ്ക് കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചു. തൊട്ടടുത്ത ദിവസം കച്ചവടം തുടങ്ങി പണം സ്വീകരിക്കാൻ നോക്കുമ്പോഴാണ് തട്ടിപ്പിന്റെ ഭാഗമായ അക്കൗണ്ട് ഫ്രീസായ വിവരം പവൻ കുമാർ അറിയുന്നത്. ആന്ധ്രാപ്രദേശിൽ രജിസ്റ്റർ ചെയത യുപിഐ തട്ടിപ്പ് കേസിലാണ് ഡൽഹി അശോക് വിഹാറിലുള്ള കച്ചവടക്കാരന് പണി കിട്ടിയത്.
ചോള ബട്ടൂര വിൽപ്പനക്കാരനായ പവൻ കുമാർ മൂന്ന് പ്ലേറ്റിന്റെ വിലയായ 105 രൂപ യുപിഐ വഴി സ്വീകരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. സെപ്റ്റംബർ 30 തിന് ആന്ധ്രാപ്രദേശിലെ അനന്തപുർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത യുപിഐ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട 71,000 രൂപയിൽ നിന്നാണ് പവൻ കുമാറിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത്. പൊലീസ് നിർദ്ദേശത്തിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് യൂണിയൻ ബാങ്ക് വ്യക്തമാക്കിയത്.
ദിവസേനെ 3,000-4,000 രൂപയുടെ യുപിഐ ഇടപാട് നടത്തുന്ന കച്ചവടക്കാരനാണ് പവൻ കുമാർ. ഒക്ടോബർ ഒന്നിന് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് വ്യക്തമായതോടെ സമീപത്തെ ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ സമയത്ത് ബാങ്ക് അക്കൗണ്ടിൽ 1.22 ലക്ഷം രൂപയുണ്ടായിരുന്നതായി പവൻ കുമാർ പറഞ്ഞു. മരവിപ്പിച്ച അക്കൗണ്ടിൽ ലോൺ അക്കൗണ്ടുണ്ടായിരുന്നു. അക്കൗണ്ട് മരവിച്ചപ്പോൾ അതും നിലച്ചു. തുടർന്ന് ബാങ്കിലെത്തി ബദൽ ക്രമീകരണങ്ങൾ നടത്തേണ്ടി വന്നതായി പവൻ കുമാർ പറഞ്ഞു. ജാർഖണ്ഡിൽ നിന്നുള്ള പവൻ കുമാർ 25 വർഷം മുൻപാണ് ഡൽഹിയിലെത്തിയത്.
ഒരു പ്ലേറ്റിന് 35 രൂപയ്ക്കാണ് ചോള ബട്ടൂര വിൽക്കുന്നത്. ഏതെങ്കിലുമൊരാൾ മൂന്ന് പ്ലേറ്റ് വാങ്ങിയതിന്റെ വിലയായി 105 രൂപ യുപിഐ വഴി അക്കൗണ്ടിലിട്ടാതാകും. എനിക്ക് എങ്ങനെ ഒരാളെ സംശയിക്കാനാകുമെന്ന് പവൻ കുമാർ ചോദിക്കുന്നു. ബാങ്ക് അക്കൗണ്ട് പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ബാങ്കിനെയും സൈബർ ക്രൈം പൊലീസിനെയും തുടർച്ചയായി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. സുഹൃത്തിന്റെ സഹായത്തോടെയാണ് ഒടുവിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
മുൻകൂർ അറിയിപ്പ് നൽകാതെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്ന് പവൻ കുമാറിന് വേണ്ടി ഹാജരായ അഭിഷകർ കോടതിയെ ധരിപ്പിച്ചു. അക്കൗണ്ട് മരവിപ്പിക്കുന്നതിന് പകരം 105 രൂപയുടെ സംശയാസ്പദമായ ഇടപാട് മാത്രം മരവിപ്പിക്കാൻ സാധിക്കുമായിരുന്നു. അക്കൗണ്ട് മരവിപ്പിക്കാൻ അന്വേഷണ ഏജൻസി കോടതിയെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും അഭിഷാകർ കോടതിയിൽ വാദിച്ചു.
ഇത് അംഗീകരിച്ച കോടതി അക്കൗണ്ട് പുനസ്ഥാപിക്കാൻ യൂണിയൻ ബാങ്കിന് നിർദ്ദേശം നൽകി. ബിസിനസ് നടത്താൻ സാധിക്കുന്ന തരത്തിൽ അക്കൗണ്ട് ക്രമീകരിക്കാനും ഉപജീവനത്തിനുള്ള അവകാശത്തിൻ്റെ ലംഘനമില്ലെന്ന് ഉറപ്പിക്കാനും കോടി നിർദ്ദേശിക്കുകയായിരുന്നു. അതേസമയം ദസറ സമയത്ത് നാട്ടിലെത്തിയ പവൻ കുമാർ പോസ്റ്റൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചതിനാൽ ഈ അക്കൗണ്ടിലേക്ക് ബിസിനസ് ഇടപാടുകൾ മാറ്റുകയായിരുന്നു.