ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സിനിമ മാതൃകയില്‍ കൊലപാതകം. 32 കാരിയെ ജിം പരിശീലകന്‍ കൊലപ്പെടുത്തി കലക്ടറുടെ വസതിക്ക് സമീപം കുഴിച്ചിട്ടു. പൊലീസ് നാലുമാസമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ ജൂണ്‍ 24നാണ് 32കാരി ഏകതയെ കാണാനില്ലെന്ന് ഭര്‍ത്താവ് രാഹുല്‍ ഗുപ്ത പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ പുരോഗതിയില്ലാതിരിക്കെ, ജിമ്മിനെക്കുറിച്ചും, പരിശീലകനായ വിശാല്‍ സോണിയെക്കുറിച്ചുമുള്ള വിവരം ഭര്‍ത്താവ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ജിം ട്രെയിനറെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഏകത ഗുപ്തയും ജിം പരിശീലകനായ വിശാല്‍ സോണിയും അടുപ്പത്തിലായിരുന്നു. എന്നാല്‍ വിശാലിന്‍റെ വിവാഹം ഉറപ്പിച്ചതോടെ തര്‍ക്കമുണ്ടാവുകയും അത് കൊലയിലേക്കെത്തുകയുമായിരുന്നു. കാറില്‍വച്ച് ഏകതയെ കൊലപ്പെടുത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ജില്ലാ കലക്ടറുടെ വസതിക്ക് സമീപം മൃതദേഹം കുഴിച്ചിടുകയായിരുന്നു. അജയ് ദേവഗണ്‍ നായകനായ ബോളിവുഡ് സിനിമ ദൃശ്യം കണ്ടാണ് ഈ വിധത്തില്‍ കൊലപാതകം നടത്താനും മൃതദേഹം മറവുചെയ്യാനുമുള്ള ആശയം ലഭിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ വ്യക്തമാക്കി.