Photo : PTI
ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ നിന്നിരുന്ന അഞ്ച് സിംഹങ്ങള്‍ രക്ഷപെട്ടു. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. ഗുഡ്സ് ട്രെയില്‍ കടന്നുപോകുന്ന വഴിയിലാണ് സിംഹങ്ങള്‍ നിന്നിരുന്നത്.
ഗിര്‍ വനത്തിലെ പിപാവാവ്–റജുല സെക്ഷനില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. ഭൂപേന്ദ്ര മീണ എന്ന ലോക്കോ പൈലറ്റാണ് ട്രെയിന്‍ നിയന്ത്രിച്ചിരുന്നത്. സിംഹങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിച്ചിരുന്ന വനം വകുപ്പ് ട്രാക്കര്‍മാര്‍ സിംഹങ്ങളുടെ ട്രാക്കിലെ സാന്നിധ്യം ലോക്കോ പൈലറ്റിനെ അറിയിച്ചു.
ട്രാക്കില്‍ സിംഹങ്ങളുടെ സാന്നിധ്യം മനസിലാക്കിയതോടെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ട്രെയിന്‍ നിര്‍ത്തി. സിംഹങ്ങള്‍ ട്രാക്കില്‍ നിന്ന് മാറി പോയതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഈ മാസം 19നും സമാനമായ സംഭവം ഉണ്ടായിരുന്നു. പിപാവാവിനും റജുലയ്ക്കും ഇടയില്‍ ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് സിംഹങ്ങളാണ് രക്ഷപെട്ടത്.