ഉത്തര്‍പ്രദേശിലെ നോയിഡയില്‍ റേവ് പാർട്ടിയില്‍ പങ്കെടുത്ത 35 കോളേജ് വിദ്യാർഥികള്‍ പൊലീസ് കസ്റ്റഡിയില്‍. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ താമസക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്.സൂപ്പര്‍ടെക്ക് സൂപ്പര്‍നോവ അപ്പാര്‍ട്ട്‌മെന്റിലാണ് പാര്‍ട്ടി നടന്നത്.
പാർട്ടി നടക്കുന്ന ഫ്ലാറ്റിൽ നിന്ന് ആരോ മദ്യക്കുപ്പി പുറത്തേക്ക് എറിഞ്ഞതിനെ തുടർന്ന് പ്രദേശവാസികള്‍ പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുന്നത്. ഒറ്റക്ക് എത്തുന്നവര്‍ക്ക് 500 രൂപയും പങ്കാളിയുണ്ടെങ്കില്‍ 800 രൂപയും പ്രവേശന ഫീസ് ഈടാക്കിയതായാണ് പ്രദേശവാസികളുടെ മൊഴി.
വാട്സ്ആപ്പ് വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ടിയിലേക്ക് ക്ഷണം ലഭിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ്, ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുകയും ഫ്ലാറ്റിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുക്കുകയും ചെയ്തു. സംഘാടകരായ അഞ്ചുപേര്‍ അടക്കം 35 പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥലത്ത് നിന്ന് ഹുക്കകളും വിലകൂടിയ മദ്യക്കുപ്പികളും കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്