ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനമുണ്ടായ പ്രദേശങ്ങളിലൊന്നായ രാംപൂരിലെ സമേജ് ഗ്രാമം സന്ദർശിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. ദുരന്തഭൂമിയിലെത്തിയ കങ്കണ പ്രളയബാധിതരായ ആളുകൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നും ഇത് ലജ്ജാകരമാണെന്നും ആരോപിച്ചു. തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് കങ്കണയുടെ പ്രതികരണം.
'പ്രളയബാധിതർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല എന്നത് വളരെ ലജ്ജാകരമാണ്. പ്രളയബാധിത പ്രദേശങ്ങളിൽ ഞാൻ പോകുന്നിടത്തെല്ലാം നിസ്സഹായരായ ആളുകൾ തങ്ങളോട് സംസ്ഥാന സർക്കാരിൻ്റെ ക്രൂരവും അശ്രദ്ധവുമായ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുന്നു. അത് ദാരുണവും മനുഷ്യത്വരഹിതവുമാണ്'. എന്നാണ് കങ്കണ കുറിച്ചത്.
ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശ് തകർന്നിരിക്കുകയാണ്. ജൂലായ് 31-ന് രാത്രി കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ഇതുവരെ 14 മൃതദേഹങ്ങൾ കണ്ടെടുത്തു, 40 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. നിലവിൽ 700 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഹിമാചൽ പ്രദേശ് നേരിടുന്നതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേരുടെ ജീവൻ അപഹരിച്ച ദുരന്തം സംസ്ഥാനത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളെയും ഇല്ലാതാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. പ്രദേശങ്ങളിലെ ദുരിതാശ്വാസ, തിരച്ചിൽ പ്രവർത്തനങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 27 ന് കാലവർഷം ആരംഭിച്ചത് മുതൽ ഓഗസ്റ്റ് 5 വരെ 684 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. മഴക്കെടുതിയിൽ 87 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു.