ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ഏജന്‍റ് കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവാവ്. നോയിഡ സ്വദേശിയായ അമന്‍ ബിരേന്ദ്ര ജയ്സ്വാള്‍ ആണ് തനിക്ക് നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.
ജൂലൈ 21നു രാത്രിയില്‍ ആണ് ഒല വഴി ഫ്രഞ്ച് ഫ്രൈസ് ജയ്സ്വാള്‍ ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിന് ശേഷം ഡെലിവറി ഏജന്‍റ് തന്നെ വിളിച്ച് 10 രൂപ കൂടുതല്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായി ജയ്സ്വാള്‍ പറഞ്ഞു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് 10 രൂപ കൊടുക്കാമെന്നും ജയ്സ്വാള്‍ സമ്മതിച്ചു. ഒലയ്ക്ക് നല്‍കിയ ഡെലിവറി ചാര്‍ജിനും പുറമേയായിരുന്നു ഈ പത്ത് രൂപ.
ഇതിനുശേഷം 45 മിനിറ്റ് ഭക്ഷണത്തിനായി കാത്തിരുന്നെങ്കിലും ഏജന്‍റ് വന്നില്ല. തുടര്‍ന്ന് ഏജന്‍റിനെ അന്വേഷിച്ച് ഇറങ്ങിയ ജയ്സ്വാള്‍ വീടിന് അല്‍പം അകലെയായി ഇയാളെ കണ്ടെത്തി. ഈ സമയം ഏജന്‍റ് ബൈക്കില്‍ ഇരുന്ന് താന്‍ ഔര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിക്കുകയായിരുന്നു എന്ന് ജയ്സ്വാള്‍ പറയുന്നു. പിടിക്കപ്പെട്ടതിന് ശേഷവും അത് വകവെക്കാത്ത മനോഭാവമായിരുന്നു ഡെലവറി ഏജന്‍റിനെന്നും ജയ്സ്വാള്‍ പറഞ്ഞു. വിഡിയോ റെക്കോഡ് ചെയ്തത് കണ്ടിട്ടും 'ഇഷ്ടമുള്ളത് ചെയ്യാ'നാണ് പറഞ്ഞത്. ഇത് തന്‍റെ ഭക്ഷണമാണെന്ന് പറഞ്ഞപ്പോള്‍ 'എന്ത് ചെയ്യുമെ'ന്നാണ് ഏജന്‍റ് നിഷേധ ഭാവത്തില്‍ യുവാവിനോട് പറഞ്ഞത്.
ഒല, നിങ്ങളുടെ ഫുഡ് ഡെലിവറി പാര്‍ട്ണര്‍ ഇങ്ങനെയാണ് ജോലി ചെയ്യുന്നതെന്നാണ് വിഡിയോ പങ്കുവച്ച് ജയ്സ്വാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'ആദ്യം വരുന്നതിന് 10 രൂപ അധികമായി വേണം എന്ന് പറഞ്ഞു, ആദ്യം നിരസിച്ചതിന് ശേഷം ഒടുവില്‍ ഞാൻ തരാം എന്ന് പറഞ്ഞു, തുടർന്ന് ഏകദേശം 45 മിനിറ്റ് കാത്തിരിക്കുകയും ചെയ്തു. ഒടുവില്‍ അയാളെ കണ്ടെത്തിയപ്പോള്‍ കണ്ടത് ഇങ്ങനെയാണെന്നും ജയ്സ്വാള്‍ വിഡിയോ പങ്കുവച്ച് കുറിച്ചു.