തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ ട്രംപിന്‍റെ ധൈര്യത്തെ വാഴ്ത്തിയും അക്രമണത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചും നടിയും എംപിയുമായ കങ്കണ റണാവത്ത്. ‘വെടിയുണ്ടകള്‍ നെഞ്ചിലേക്ക് ഏറ്റുവാങ്ങാന്‍’ ട്രംപ് കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് കങ്കണ. അതേസമയം ആക്രമണത്തിന് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
'ട്രംപിന് തന്‍റെ റാലിയിൽ വെടിയേറ്റെങ്കിലും വധശ്രമത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതില്‍ ഇടതുപക്ഷം നിരാശയിലാണ്. എല്ലാവരും ജാഗ്രത പാലിക്കണം’ കങ്കണ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘എണ്‍പത് വയസിനടുത്ത് പ്രായമുള്ള അദ്ദേഹം ബുള്ളറ്റുകള്‍ ശരീരത്തില്‍ തറച്ചപ്പോളും പറഞ്ഞത് 'അമേരിക്ക ജയിക്കട്ടെ' എന്നാണ്. അദ്ദേഹം ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുക തന്നെ ചെയ്യും, അതാണ് വലതുപക്ഷം. അവര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കില്ല, പക്ഷേ അവയ്ക്ക് അന്ത്യം കുറിക്കും’, കങ്കണ കൂട്ടിച്ചര്‍ത്തു. സംഭവസ്ഥലത്തുനിന്നുള്ള ട്രംപിന്‍റെ ചിത്രം സഹിതമാണ് പോസ്റ്റ്.
‘അമേരിക്കയ്ക്കുവേണ്ടിയാണ് അദ്ദേഹം ബുള്ളറ്റുകള്‍ നെഞ്ചിലേറ്റുവാങ്ങിയത്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റല്ല ധരിച്ചിരുന്നെങ്കില്‍ ഈ ആക്രമണത്തെ അതിജീവിക്കുമായിരുന്നില്ല. ആക്രമിക്കാനുള്ള ഇടതുപക്ഷത്തിന്‍റെ പ്രത്യയശാസ്ത്രം വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വലതുപക്ഷത്തോടുള്ള ഇടതുപക്ഷത്തിന്‍റെ വിയോജിപ്പ് അക്രമാസക്തമാണ്’ കങ്കണ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്‍റെ ധീരതയെ വാഴ്ത്തിയുള്ള കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. നിരവധി തവണ അക്രമി വെടിയുതിര്‍ത്തെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ട്രംപിന്റെ ശരീരത്തില്‍ കൊണ്ടത്. വലത് ചെവിയുടെ മുകള്‍ഭാഗത്താണ് ട്രംപിന് വെടിയേറ്റത്. ചെവിക്ക് നിസാരപരുക്ക് മാത്രമാണ് ഏറ്റതെന്നും ചികില്‍സ തേടിയ ശേഷം ട്രംപ് ആശുപത്രി വിട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തോമസ് മാത്യൂസ് ക്രൂക്ക്സ് എന്ന ഇരുപതുകാരനാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി. സീക്രട്ട് സര്‍വീസ് ഇയാളെ വെടിവച്ചു കൊന്നു. യോഗത്തിനെത്തിയ മറ്റൊരാളും കൊല്ലപ്പെട്ടു.
വധശ്രമത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും താന്‍ ട്രംപിനും റിപ്പബ്ളിക്കന്‍സിനും എതിരാണെന്നു തോമസ് മാത്യൂസ് വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യം ഒന്നടങ്കം അക്രമത്തെ അപലപിക്കണമെന്നു ആവശ്യപ്പെട്ട പ്രസിഡന്റ് ജോ ബൈഡന്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി. ട്രംപിന് നേരെ ഉണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും ട്രംപ് വേഗം സുഖം പ്രാപിക്കട്ടെ എന്നും നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ട്രംപിന് പിന്തുണയുമായി കൂടുതല്‍ ലോകനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.