ഉത്തർപ്രദേശിലെ ഉന്നാവിൽ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. 19 പേർക്ക് പരുക്ക്. പലരുടെയും നില ഗുരുതരമാണ്.
ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ഇന്ന് രാവിലെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ബിഹാറിലെ സീതാമഡിയിൽനിന്ന് ഡൽഹിയിലേക്ക് വന്ന സ്വകാര്യ ഡബിൾ ഡെക്കർ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നൂറ് കിലോമീറ്ററിലേറെ വേഗതയിലായിരുന്നു അപകടമുണ്ടാകുമ്പോൾ ബസെന്നാണ് വിവരം. പാലുമായി വന്ന ടാങ്കറുമായാണ് ബസ് കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ ആഘാതത്തിൽ 10 മീറ്റർ അകലെവരെ മൃതദേഹം വീണു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബംഗങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.