Hand with pen over application form

Hand with pen over application form

ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിവിധ വിഷയങ്ങളെ തുടർന്ന് മാറ്റിവച്ച പ്രവേശന പരീക്ഷകൾക്ക് പുതുക്കിയ തീയതി പ്രഖ്യാപിച്ച് ദേശീയ പരീക്ഷ ഏജൻസി. കോളജ് അധ്യാപന യോഗ്യതയായ യുജിസി നെറ്റ് പുന:പരീക്ഷ ഓഗസ്റ്റ് 21നും സെപ്റ്റംബർ നാലിനുമിടയിൽ നടത്തും. ചോദ്യക്കടലാസ് ചോർച്ചയെ തുടർന്നാണ് ജൂൺ 18ന് നടന്ന പരീക്ഷ പിറ്റേദിവസം റദ്ദാക്കിയത്. നേരത്തെ ഒ.എം.ആര്‍ രീതിയിൽ നടത്തിയിരുന്ന യു.ജി.സി നെറ്റ് പരീക്ഷ, ഇനി മുതൽ പുതുക്കിയ മാനദണ്ഡമനുസരിച്ച് കംപ്യൂട്ടറധിഷ്ടിതമാക്കിമാറ്റി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിയ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലേക്കുള്ള സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷ ജൂലൈ 25നും 27നുമിടയിൽ നടത്തും. നാലുവർഷ ബി.എഡ് പ്രോഗ്രാമുകളിലേക്ക്‌ എൻ.ടി.എ നടത്തിയ എസ്.സി.ഇ.ടി പുന:പരീക്ഷ ജൂലൈ 10നും നടത്തും.

 

അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടിലും അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍പ്പേരെ സിബിഐ ചോദ്യംചെയ്യും. കേസില്‍ ഇതുവരെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ജാര്‍ഖണ്ഡ് ഹസാരിബാഗിലെ ഒരു സ്കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, നീറ്റില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയും ദേശീയ പരീക്ഷാ ഏജന്‍സി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇടത് വിദ്യാര്‍ഥി സംഘടനയായ ഐസയുടെ ജന്തര്‍ മന്തറിലെ പ്രതിഷേധം ഇന്നും തുടരും. പ്രതിഷേധത്തിന് പൊലീസ് അനുമതി ഇല്ലാത്തതിനാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. നീറ്റടക്കമുള്ള വിഷയം ഉന്നയിച്ച് ജൂലൈ നാലിന് എസ്എഫ്ഐ രാജ്യവ്യാപക പഠിപ്പ് മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The National Examinations Agency has announced the revised dates for the entrance exams postponed due to various issues including question paper leak.