poisonous-gas

പുതുച്ചേരിയിൽ മാൻഹോളിൽ നിന്ന്  വിഷവാതകം ശ്വസിച്ച് മൂന്ന് മരണം. വീടിനുള്ളിലെ ശുചിമുറിയിലൂടെ വാതകം പുറത്തു വന്ന് രണ്ടു സ്ത്രീകളും, 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്. പിന്നാലെ മേഖലയിലെ  വീടുകൾ ഒഴുപ്പിക്കുകയും, മുഴുവൻ മാൻഹോളുകളൾ തുറക്കുകയും ചെയ്തു. പ്രദേശവാസികൾക്ക്  വൈദ്യ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി എൻ.രംഗസ്വാമി അറിയിച്ചു. 

 

പുതുച്ചേരി റെഡ്ഡിപാളയത്ത് രാവിലെയാണ് അപകടമുണ്ടായത്.  സെന്താമരെ എന്ന 72 കാരിയുടെ വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തേക്ക് വരുകയായിരുന്നു.  വാതകം ശ്വസിച്ച് സെന്താമരെ മകൾ കാമാച്ചി, ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ സമീപവാസിയായ 15 കാരി എന്നിവർ മരിച്ചു.  വീട്ടിലെത്തിയ രണ്ടു പേർക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ടതോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോർപ്പറേഷൻ, സർക്കാർ, അഗ്നിരക്ഷാ ഉദ്യോഗസ്ഥരെത്തി റെഡ്ഡിപാളയം, പുതുനഗർ മേഖലയിലെ  വീടുകൾ ഒഴിപ്പിച്ചു.  പ്രദേശത്തെ മുഴുവൻ മാൻഹോളുകളുടെയും  മൂടി തകർത്ത് പരിശോധനയും നടത്തി. പ്രദേശത്ത് പരിശോധന നടത്തിയ   പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി മേഖലയിലെ മുഴുവൻ പേർക്കും വൈദ്യ പരിശോധന നടത്തുമെന്ന് അറിയിച്ചു. 

കഴിഞ്ഞ നാലുമാസമായി മാൻഹോളുകൾ ശുചി ആകാത്തതാണ് അപകടകാരണമെന്ന് കാട്ടി പ്രദേശവാസികൾ പ്രതിഷേധിച്ചതിന് പിന്നാലെ  വൃത്തിയാക്കേണ്ട സ്വകാര്യ കമ്പനിയുമായുള്ള കരാർ കോർപ്പറേഷൻ റദ്ദാക്കി. അതിനിടെ ശുചിമുറിയിൽ നിന്നും മാൻഹോളുകളിലേക്ക് നേരിട്ട് കണക്ഷൻ നൽകാതെ സെപ്റ്റിക് ടാങ്ക് സ്ഥാപിച്ച് കണക്ഷൻ നൽകിയതാണ് അപകടകാരണമെന്നാണ് നിഗമനം. ഇതിലൂടെ വിഷവാതകം സെപ്റ്റിക് ടാങ്കിൽ തങ്ങി നിൽക്കുകയും ശുചിമുറിയിലൂടെ പുറത്തേക്ക് വരികയും ചെയ്യും. ഇതിൻറെ അടിസ്ഥാനത്തിൽ മുഴുവൻ വീടുകളിലും പരിശോധന നടത്തി ശുചിമുറിയിൽ നിന്നും മാൻഹോളുകളിലേക്ക് നേരിട്ട് കണക്ഷൻ നൽകാൻ കോർപ്പറേഷൻ നിർദ്ദേശം നൽകി. 

ENGLISH SUMMARY:

Three die after inhaling poisonous gas from manhole in Puducherry