Rahul-gandhi-and-akhilesh-yadav

TOPICS COVERED

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം മികച്ച മുന്നേറ്റം  നടത്തിയെങ്കിലും അധികാരത്തിലേറാൻ സാധിച്ചില്ല. 232 സീറ്റിലാണ് ഇന്ത്യ സഖ്യത്തിൻറെ വിജയം. കോൺഗ്രസ് (99), എസ്പി (37), തൃണമൂൽ കോൺഗ്രസ് (29), ഡിഎംകെ (22) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യ സഖ്യത്തെ നയിച്ചത്. അതേസമയം,ജയിച്ച് വന്നവരിൽ ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ട പലരുമുള്ളതിനാൽ ഇന്ത്യ സഖ്യത്തിന് ആറുപേരെ നഷ്ടമാകാൻ സാധ്യതയുണ്ട്. 

ഒരു വ്യക്തിയെ ക്രിമിനൽ കേസിൽ രണ്ടോ അതിൽ കൂടുതൽ വർഷത്തേക്കോ ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധി എന്ന നിലയിൽ അയോഗ്യനാക്കണമെന്നാണ് ജനപ്രാതിനിധ്യ നിയമം പറയുന്നത്. ഇതുപ്രകാരം, ഇന്ത്യ സഖ്യത്തോട് ചേർന്ന് നിൽക്കുന്ന 6 എംപിമാരാണ് നിലവിൽ 2 വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ നടപടി നേരിടുന്നത്. ഇവർക്ക് ശിക്ഷ ലഭിക്കുകയാണെങ്കിൽ പാർലമെൻറ് അംഗത്വം നഷ്ടപ്പെടും. 

ഗാസിപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച അഫ്‌സൽ അൻസാരി ഹൈക്കോടതി സ്റ്റേ വഴിയാണ് ലോക്സഭയിലേക്ക് മൽസരിച്ചത്. ഗുണ്ടാ നിയമപ്രകാരം നാലുവർഷം തടവിന് ശിക്ഷിക്കപ്പെട്ട അസ്ഫൽ അൻസാരിയുടെ ശിക്ഷ കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. വേനൽക്കാല അവധിക്ക് ശേഷം ജൂലൈയിൽ കോടതി കേസിൽ വാദം കേൾക്കും. കോടതി ശിക്ഷ ശരിവെച്ചാൽ അൻസാരിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകും. 

അസംഗട്ട് സീറ്റിൽ നിന്ന് വിജയിച്ച ധർമേന്ദ്രയാദവിനെതിരെ നാല് ക്രിമിനൽ കേസാണ് നിലവിലുള്ളത്. ഇതിൽ ഏതെങ്കിലും കേസിൽ രണ്ടുവർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ ഇദ്ദേഹത്തിനും ലോക്സഭാ അംഗത്വം നഷ്ടമാകും. മായവതി സർക്കാറിൽ മന്ത്രിയായിരുന്ന ബാബു സിങ് കുശ്വാഹയ്ക്കെതിരെ എൻആർഎച്ച്എം അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. 25 കേസുകളിൽ എട്ടെണ്ണത്തിൽ ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 10 വർഷത്തെ രാഷ്ട്രീയ വനവാസം അവസാനിപ്പിച്ച് മൽസരിച്ച അദ്ദേഹം ജുനാപൂരിൽ നിന്നാണ് ജയിച്ചത്. 

സുൽത്താൻപൂരിൽ മേനക ഗാന്ധിക്കെതിരെ ജയിച്ച രാംഭുവൽ നിഷാദ് നിലവിൽ എട്ടുകേസുകളിൽ പ്രതിയാണ്. ഇതിലൊന്ന് ഗുണ്ടാ നിയമപ്രകാരമുള്ളതാണ്. ചാന്ദൗലി ലോക്സഭാ സീറ്റിൽ നിന്നും എസ്പി ടിക്കറ്റിൽ ജയിച്ച വീരേന്ദ്ര സിങും ക്രിമിനൽ കേസ് നേരിടുന്ന എംപിയാണ്. 

സഹാറൻപൂരിൽ നിന്ന ജയിച്ച കോൺഗ്രസ് സ്ഥാനാർഥി ഇമ്രൻ മസൂദിനെതിരെ എട്ട് കേസുകളാണുള്ളത്. ഇതിലൊന്ന് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്പകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്തതാണ്. മറ്റു രണ്ടു കേസുകളിലും ഇദ്ദേഹത്തിനെിരെ കുറ്റം ചുമത്തിയിട്ടണ്ട്. നാഗിനയിൽ നിന്നും ജയിച്ച സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിൻറെ പേരിൽ 30 കേസുകളാണുള്ളത്. ഇതിൽ ഏതെങ്കിലും ഒന്നിൽ രണ്ടുവർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാൽ ഇത് അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കും.

ENGLISH SUMMARY:

6 India Alliance MP'S Facing Criminal Charges May Lost There Parliment Membersh If They Convicted