ബജറ്റില്‍ വിവിധ സംസ്ഥാനങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യ നേതാക്കള്‍ പാര്‍ലമെന്‍റിന് മുന്നില്‍ നടത്തിയ പ്രതിഷേധം. Image: X/ INCIndia
കേന്ദ്ര ബജറ്റിനെതിരെ ലോക്സഭയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷം. അടിസ്ഥാന മേഖലകളെ തഴഞ്ഞെന്നും കോണ്‍ഗ്രസിന്‍റെ ആശയങ്ങള്‍ പലതും കടമെടുത്തെന്നും ശശി തരൂര്‍ എം.പി. മോദി സര്‍ക്കാരിന്‍റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ തൃണമൂല്‍ എം.പി. അഭിഷേക് ബാനര്‍ജി സ്പീക്കറുടെ നിഷ്പക്ഷത ചോദ്യംചെയ്തു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന മേഖലകള്‍ക്ക് സര്‍ക്കാര്‍ യാതൊരു പ്രാധാന്യവും നല്‍കിയില്ലെന്ന് ശശി തരൂര്‍ പറഞ്ഞു . യു.പി.എ. സര്‍ക്കാരിന്‍റെ കാലത്തെ അപേക്ഷിച്ച് തീരെ കുറവാണ് ബജറ്റില്‍ ഈ മേഖലകള്‍ക്ക് നീക്കിവച്ച തുക. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി കോണ്‍ഗ്രസില്‍ നിന്ന് കടമെടുത്തതാണെന്നും തരൂര്‍ വ്യക്തമാക്കി.
നോട്ടു നിരോധനം മുതല്‍ കശ്മീര്‍ ഭീകരാക്രമണം വരെ ചൂണ്ടിക്കാട്ടി വാറന്‍റിയില്ലാത്ത ഗാരന്‍റിയാണ് മോദിയുടേതെന്ന് തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിയുടെ പരിഹഹാസം. 2016 ല്‍ നടന്ന നോട്ടുനിരോധനം ഇപ്പോള്‍ പറയേണ്ടെന്ന് സ്പീക്കര്‍. അന്‍പത് വര്‍ഷം മുന്‍പ് നടന്ന അടിയന്തരാവസ്ഥയെ കുറിച്ച് ഭരണപക്ഷം സംസാരിക്കുമ്പോള്‍ മിണ്ടാത്തതെന്തെന്ന് അഭിഷേക് ബാനര്‍ജിയുടെ മറുചോദ്യം. ബി.ജെ.പിയില്‍ നിന്ന് സംസാരിച്ചവരെല്ലാം ബജറ്റിനെയും മോദിയെയും വാനോളം പുകഴ്ത്തി.