വൈദ്യുതാഘാതമേറ്റ് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുരങ്ങിന് തിമിര ശസ്ത്രക്രിയ. ഹരിയാനയിലെ ഹിസാറിലെ സർക്കാർ ആരോഗ്യ സർവ്വകലാശാലയാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഹിസാറിലെ ലാലാ ലജ്പത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൻ്റെ (LUVAS) കണക്കനുസരിച്ച് ഇത് ആദ്യമായാണ് ഹരിയാനയിൽ ഒരു കുരങ്ങന് തിമിര ശസ്ത്രക്രിയ നടത്തുന്നത്.
ഹാൻസി നിവാസിയായ മുനിഷ് എന്ന മൃഗസ്‌നേഹിയാണ് പൊള്ളലേറ്റ കുരങ്ങിനെ ക്യാംപസിലേക്ക് കൊണ്ടുവന്നതെന്ന് ലുവാസ് ആനിമൽ സർജറി ആൻഡ് റേഡിയോളജി വിഭാഗം മേധാവി ആർഎൻ ചൗധരി പറഞ്ഞു.
ഷോക്കേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കുരങ്ങ്. ഏറെ നാളത്തെ പരിചരണത്തിനും ചികിത്സയ്ക്കും ശേഷമാണ് കുരങ്ങൻ നടക്കാൻ തുടങ്ങിയത്. പിന്നീടാണ് കുരങ്ങിന് കാഴ്ചയില്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. തുടര്‍ന്ന് കുരങ്ങിനെ ചികിത്സയ്ക്കായി ലുവാസിലെ സർജറി വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
സർവകലാശാലയിലെ അനിമൽ ഐ വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കുരങ്ങിന് രണ്ട് കണ്ണുകളിലും വെളുത്ത തിമിരം ബാധിച്ചതായി ഡോ. പ്രിയങ്ക ദുഗ്ഗൽ കണ്ടെത്തി. ഒരു കണ്ണിലെ വിട്രിയസിന് കേടുപാടുകൾ സംഭവിച്ചതിനാൽ മറ്റേ കണ്ണിന് ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയയ്ക്ക് ശേഷം കുരങ്ങിന് കാഴ്ച തിരിച്ചുകിട്ടിയതായും പൂര്‍ണ ആരോഗ്യവാനായെന്നും അധികൃതര്‍ വ്യക്തമാക്കി. ലെൻസിൻ്റെ സുതാര്യത പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന ഒരു സാധാരണ നേത്രരോഗമാണ് തിമിരം.