TOPICS COVERED

കടുത്ത ചൂടില്‍ ഓടി നടന്ന് പ്രചാരണത്തിലാണ് ന്യൂഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സുഷമ സ്വരാജിന്‍റെ മകളുമായ ബാന്‍സുരി സ്വരാജ്. വോട്ട് ചെയ്യേണ്ടത് മോദിക്ക് വേണ്ടിയാണെന്നാണ് ബാന്‍സുരി ആവര്‍ത്തിക്കുന്നത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയെ ഒഴിവാക്കിയാണ് ബിജെപി ഇത്തവണ ബാന്‍സുരിക്ക് സീറ്റ് നല്‍കിയത്.  

സുഷമ സ്വരാജിന്‍റെ രക്തമാണ് താന്‍. സുഷമ സ്വരാജെന്ന രാജ്യത്തെ ഏറ്റവും പ്രിയങ്കരിയായിരുന്ന രാഷ്ട്രീയ നേതാവിന്‍റെ പുത്രിക്ക് അതിലും വലിയ പരിചയപ്പെടുത്തല്‍ ആവശ്യമില്ല. വലിയ റാലികളും റോഡ് ഷോകളും പൂര്‍ത്തിയാക്കിയ ബാന്‍സുരിയുടെ ചെറുയോഗങ്ങളിലും ആള്‍ത്തിരക്കാണ്. പൂക്കള്‍ എറിഞ്ഞും ഷാള്‍ അണിയിച്ചും പ്രവര്‍ത്തകര്‍ ബാന്‍സുരിയെ സ്വീകരിക്കുന്നു. 

സദസ്സിലിരിക്കുന്ന അറിയാവുന്ന ആളുകളെ പേരെടുത്ത് പറഞ്ഞ് വേദിയിലേക്ക് ബാന്‍സുരി തന്നെ ക്ഷണിക്കുന്നു. പൂമാലയിടിക്കുമ്പോള്‍ അതിനകത്തേക്ക് കൊള്ളാവുന്ന പരമാവധി ആള്‍ക്കാരെ ഉള്‍ക്കൊള്ളിക്കുന്നു. സര്‍വത്ര സുഷമ സ്വരാജിന്‍റെ ജനകീയ മയം തന്നെയാണ് ബാന്‍സുരിക്കും. 

ആവേശം മുറിഞ്ഞ് പോകാതിരിക്കാന്‍ പ്രസംഗവേദി വിട്ട് വേദിയിലേക്ക് മൈക്കെടുത്ത് ബാന്‍സുരി എത്തിയതോടെ പ്രവര്‍ത്തകര്‍ക്കും ആവേശം.  മോദിക്കാണ് വോട്ടുനല്‍കേണ്ടതെന്ന് പ്രചാരണവേദികളില്‍ ബാന്‍സുരി ആവര്‍ത്തിക്കുന്നു.  മുന്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രണ്ടരലക്ഷത്തിലേറെ വോട്ടിന് വിജയിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ വലിയ വിജയപ്രതീക്ഷയാണ് ഇത്തവണയും ബിജെപിക്ക്.