രാഷ്ട്രീയമായി എതിര്‍ ധ്രുവങ്ങളിലായിരുന്നെങ്കിലും ഭരണപരമായി യോജിപ്പിന്‍റെ വലിയ ഇടം നരേന്ദ്ര മോദിയും ഉമ്മന്‍ ചാണ്ടിയും തമ്മിലുണ്ടായിരുന്നു. ഇറാഖിലെ സംഘര്‍ഷമേഖലയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ സുരക്ഷിതരായി നാട്ടിലെത്തിച്ചത് കേന്ദ്ര, സംസ്ഥാന സഹകരണത്തിലെ തിളങ്ങുന്ന അധ്യായമാണ്. കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കുഞ്ഞൂഞ്ഞ് നയതന്ത്രം രാജ്യതലസ്ഥാനത്ത് നിരന്തരം പയറ്റി.
കേരളത്തിലെ നിരവധി കുടുംബങ്ങളുടെ നെഞ്ചില്‍ കനലെരിഞ്ഞ നാളുകളായിരുന്നു അത്. ഉപജീവനം തേടി വിദേശത്തേയ്ക്ക് പോയ നഴ്സുമാര്‍ മരണമുഖത്ത്. തിക്രിത് യുദ്ധമേഖലയില്‍ 46 മലയാളി നഴ്സുമാര്‍ കുടുങ്ങിയ വിവരം അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. ഇന്ത്യയുടെ എംബസി പോലും പ്രവര്‍ത്തിക്കാത്ത പോരാട്ട ഭൂമിയില്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ അവിശ്വസനീയമായ നയതന്ത്ര ഇടപെടല്‍. വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്‍റെ കരുതതില്‍ നഴ്സുമാര്‍ ജന്മനാടിന്‍റെ അമ്മത്തണലിലേയ്ക്ക്. വിദേശകാര്യമന്ത്രാലയത്തോടൊപ്പം ഉമ്മന്‍ ചാണ്ടിയുടെ കേരളഹൗസിലെ മുറിയും രാപകലില്ലാതെ പ്രയത്നിച്ചു.
നഴ്സുമാരുടെ രക്ഷാദൗത്യം ടേക്ക് ഒാഫ് എന്ന പേരില്‍ സിനിമയായപ്പോള്‍ സ്ക്രീനില്‍ നന്ദിരേഖപ്പെടുത്തുമ്പോള്‍ സുഷ്മ സ്വരാജിന്‍റെ പേരിന് താഴേ മാത്രമേ തന്റെ പേര് വരാവൂവെന്ന് ഉമ്മന്‍ ചാണ്ടി വിനീതനായി. കസ്തൂരിരംഗന്‍ വിഷയത്തില്‍ മലയോര ജനതയുടെ ആശങ്കകള്‍ക്ക് അറുതി തേടിയും വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാനും ഉമ്മന്‍ ചാണ്ടി കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടി. 2014ല്‍ മോദിയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഉമ്മന്‍ ചാണ്ടി പിന്നീട് പ്രത്യേകം കൂടിക്കാഴ്ച്ച നടത്തി വിഷമം മാറ്റി. അവസാനമായി സഹായം തേടിയത് നിമിഷ പ്രിയയുടെ മോചനത്തിനായിരുന്നു.
മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് മേഡല്‍ പഠിക്കാന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഷിബു ബേബി ജോണ്‍ പോയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.