പരിശോധനയ്ക്കെത്തിയ വിജിലന്‍സ് ഓഫിസറടക്കം 14 പേര്‍ രാജസ്ഥാനിലെ ഖനിയില്‍ കുടുങ്ങി. ജുന്‍ഗുന്‍ ജില്ലയിലെ കോലിഹന്‍ ഖനിയിലാണ് ഇന്നലെ രാത്രിയോടെ അപകടമുണ്ടായത്. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്‍റേതാണ് ഖനി. കൊല്‍ക്കത്തയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘവുമായി ഖനിയിലേക്ക് ഇറങ്ങിയ ലിഫ്റ്റ് ചെയിന്‍ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.
ചീഫ് വിജിലന്‍സ് ഓഫിസര്‍ ഉപേന്ദ്ര പാണ്ഡെ, ഖേത്രി കോപ്പര്‍ കോംപ്ലക് യൂണിറ്റ് തലവന്‍ ജി.ഡി. ഗുപ്ത, കോലിഹന്‍ ഖനിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എ.കെ. ശര്‍മ, വിജിലന്‍സിനൊപ്പം ഫൊട്ടോഗ്രാഫറായെത്തിയ മാധ്യമപ്രവര്‍ത്തകന്‍ എന്നിവരടക്കമാണ് കുടുങ്ങിയത്. ഖനിക്ക് പുറത്ത് ആംബുലന്‍സും വൈദ്യസംഘവുമടക്കമുള്ള സജ്ജമാക്കിയിട്ടുണ്ടെന്നും എന്നാല്‍ കുടുങ്ങിക്കിടക്കുന്നവരുമായി ഒരുതരത്തിലുള്ള ആശയ വിനിമയവും ഇതുവരേക്കും സാധ്യമായിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ സാധ്യമായ മാര്‍ഗങ്ങളെല്ലാം നോക്കുന്നുണ്ടെന്നും ഇതുവരെ ആര്‍ക്കും ജീവഹാനി വന്നതായി കരുതുന്നില്ലെന്നും സുരക്ഷിതമായി എല്ലാവരെയും പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സ്ഥലം എം.എല്‍.എ ധരംപാല്‍ ഗുര്‍ജര്‍ പറഞ്ഞു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ലിഫ്റ്റ് തകര്‍ന്നതെന്ന് കരുതുന്നു. ലിഫ്റ്റിന്‍റെ ചെയിന്‍ പൊട്ടിപ്പോയതാണ് അപകടത്തിന് കാരണമായത്. ലിഫ്റ്റോടെ പുറത്തേക്ക് ഉയര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ കടുത്ത വെല്ലുവിളിയാണ് ഇതില്‍ നേരിടുന്നതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, രാത്രി വൈകിയ സമയം എന്തിനാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള വിജിലന്‍സ് സംഘം ഖനിയില്‍ പരിശോധനയ്ക്ക് എത്തിയത് എന്നതില്‍ വ്യക്തതയില്ല.