നാളെ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിജെപിയും. കഴിഞ്ഞ രണ്ടുതവണയും നേട്ടമുണ്ടാക്കിയ ബിആര്‍എസ് ഫോം ഔട്ടിലാണ്. 17 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്..
2019ല്‍ ബിആര്‍എസ് 9 സീറ്റിലും ബിജെപി നാലു സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും വിജയക്കൊടിപ്പാറിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിലും നേട്ടമാകും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിത അറസ്റ്റിലാവുകയും ചെയ്തോടെ ബിആര്‍എസിന്റെ ശക്തിക്ഷയിച്ചു. ബിആര്‍എസ് നേതാക്കാള്‍ പലരും കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും ചേക്കേറിയതോടെ അവരുടെ വോട്ടുബാങ്കിലും വിള്ളല്‍ വീണിരിക്കുകയാണ്. തെലങ്കാനയെ പ്രകമ്പനം കൊള്ളിച്ച് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും നടത്തിയ റാലികള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുകൂട്ടരും.
ഹൈദരാബാദ്, നിസാമാബാദ്,കരിംനഗര്‍,മല്‍ക്കാജഗിരി,സെക്കന്ദരാബാദ്, ഈ അഞ്ച് മണ്ഡലങ്ങളിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. അസദുദ്ദീന്‍ ഒവൈയ്സിയുടെ തേരോട്ടത്തിന് തടയിടാന്‍ നര്‍ത്തികിയായ മാധവി ലതയെ ആണ് ബിജെപി ഇറക്കിയിരിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ സാധ്യത ഒവെയ്സിക്കുതന്നെ. സെക്കന്ദരബാദില്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ കിഷന്‍ റെഡ്ഡി തന്നെ ബിജെപി സ്ഥാനാര്‍ഥി. ഹാട്രിക് അടിക്കാന്‍ ഇറങ്ങുന്ന കിഷന്‍ റെഡ്ഡിയെ വീഴ്ത്താന്‍ ബിആര്‍എസ് ടി.പത്മറാവുവിനെയും കോണ്‍ഗ്രസ് ദാനം നാഗേന്ദറിനെയുമാണ് ഇറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എം.പിയായിരുന്ന മല്‍ക്കാജഗിരി നിലനിര്‍ത്താന്‍ ബിആര്‍എസ് വിട്ടുവന്ന സുനിത മഹേന്ദർ റെഡ്ഡിയെ ആണ് കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്ന. ബിആർഎസ് മന്ത്രിയായിരുന്ന എടാല രാജേന്ദർ ആണ് ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വിട്ടെത്തിയ ആർ.ലക്ഷ്മ റെഡ്ഡി ആണ് ബി.ആർ.എസ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ഒന്‍പത് സീറ്റ് നേടിയ ബിആര്‍എസ് രണ്ട് സീറ്റിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം. കോണ്‍ഗ്രസും ബിജെപിയും ആയിരിക്കും ഗുണഭോക്താക്കള്‍.
Telengana election on tomorrow,expectations of BRS,Congress and Bjp