ബോളിവുഡ് താരം കരീന കപൂറിന്റെ പുസ്തകത്തെച്ചൊല്ലി വിവാദം. പുസ്തകത്തിന്റെ പേരിനൊപ്പം ‘ബൈബിൾ’ എന്ന കൂടി ചേർത്തതാണ് കാരണം. കരീനയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയില്‍ മധ്യപ്രദേശ് ഹൈക്കോടതി താരത്തിന് നോട്ടീസ് അയച്ചു.
2021 ഒാഗസ്റ്റ് മാസത്തിലായിരുന്നു പുസ്തകം വിപണിയിലെത്തിയത്. ‘കരീന കപൂർ ഖാൻസ് പ്രെഗ്നൻസി ബൈബിൾ: ദി അൾട്ടിമേറ്റ് മാനുവൽ ഫോർ മോംസ് ടു ബി’ എന്നാണ് പുസ്തകത്തിന്റെ പേര്.
പുസ്തകത്തിന്റെ പേര് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് അഭിഭാഷകനായ ക്രിസ്റ്റഫര്‍ ആൻറണിയാണ് കോടതിയെ സമീപിച്ചത്. വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ബൈബിള്‍ എന്ന പദം ഉപയോഗിച്ചതെന്നും അത് അപലപനീയമാണെന്നും ഹര്‍ജിക്കാരൻ പറയുന്നു.
താരത്തിനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ സെഷൻസ് കോടതി അദ്ദേഹത്തിൻറെ പരാതി പിന്തള്ളിയിരുന്നു. പിന്നാലെയാണ് ഹർജിക്കാരൻ ഹൈക്കോടതിയിലെത്തിയത്. കേസിന്‍റെ വാദം കേള്‍ക്കൽ ജൂലൈ ഒന്നിലേക്ക് മാറ്റി. ബൈബിള്‍ ഒരു വിശുദ്ധ ഗ്രന്ഥമാണെന്നും താരത്തിൻറെ ഗര്‍ഭവുമായി താരതമ്യപ്പെടുത്തിയത് മോശമാണെന്നും ക്രിസ്റ്റഫര്‍ പറയുന്നു. ആദ്യം പൊലീസില്‍ പരാതി നൽകിയെങ്കിലും അവിടെയും പരാതി സ്വീകരിച്ചിരുന്നില്ല.