kareena-faraz

Image Credit: https://x.com/Starboy2079/ Twitter

ബോളിവുഡ് താരം കരീന കപൂറിനെതിരെ വ്യാപക സൈബര്‍ ആക്രമണം. പാകിസ്ഥാൻ ഡിസൈനറായ ഫറാസ് മനനൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെയാണ് കരീനയെ വിമര്‍ശിച്ചും ആക്ഷേപിച്ചും സൈബറിടത്ത് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ പാക് പൗരന്മാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു വിഭാഗം കരീനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയത്. ദുബായില്‍ വച്ചെടുത്ത ചിത്രം ഫറാസ് മന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെയാണ് കരീനയ്ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. 

26 പേരുടെ ജീവനെടുത്ത കശ്മീര്‍ പഹല്‍ഗാം ആക്രമണം നടന്നത് ഏപ്രില്‍ 22നാണ്. നിരവധി പേര്‍ക്ക് ഭീകരാക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് പ്രകോപനത്തിന് ശക്തമായ ഭാഷയില്‍ ഇന്ത്യ തിരിച്ചടി നല്‍കുന്നതിനിടയിലാണ് ഞായറാഴ്ച ഫറാസ് മനന്‍ കരീനയ്ക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'വിത്ത് ദി ഓജി' എന്ന തലക്കെട്ടോടെയാണ് ഫറാസ് മനന്‍ കരീനയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടത്.  ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തതാണോ അതോ പഴയതാണോ എന്നതില്‍ വ്യക്തതയില്ലെങ്കിലും പാക് പൗരനൊപ്പം നില്‍ക്കുന്ന കരീനയെ വിമര്‍ശനങ്ങള്‍കൊണ്ട് മൂടുകയാണ് സോഷ്യല്‍ ലോകം.

പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ച് നില്‍ക്കുന്ന സമയത്ത് ഒരു പാക് പൗരനൊപ്പം ചിത്രം എടുക്കാന്‍ കാണിച്ച പ്രവൃത്തി വളരെ മോശമായിപ്പോയെന്നാണ് കമന്‍റുകള്‍. പാക്കിസ്ഥാനികളെ ഇന്ത്യ വിലക്കിയത് അറിഞ്ഞിട്ടും ഫറാസ് മനനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത് രാജ്യത്തോട് കാണിച്ച നീതികേടാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം പലസ്തീനുവേണ്ടി ശബ്ദമുയര്‍ത്തിയ കരീന സ്വന്തം രാജ്യത്തിന്‍റെ കാര്യം വന്നപ്പോള്‍ തനിനിറം കാണിച്ചെന്നും മറ്റുചിലര്‍ കമന്‍റുമായെത്തി. അതേസമയം ഈ വിഷയത്തില്‍ കരീന കപൂര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബോളിവുഡില്‍ വളരെ പ്രശസ്തനായ ഡിസൈനറാണ് ഫറാസ് മനന്‍. കിയാര അദ്വാനി, അദിതി റാവു ഹൈദരി, താര സുതാരിയ, നീതു കപൂർ, സോനം കപൂർ, സാറ അലി ഖാൻ, ജാൻവി കപൂർ തുടങ്ങി വലിയൊരു താരനിര തന്നെ ഫറാസ് മനനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. 

ENGLISH SUMMARY:

Kareena Kapoor Khan SLAMMED For Posing With Pakistani Designer Faraz Manan In Dubai Post Pahalgam Attack