ഇന്ത്യയുടെ പലഭാഗത്തും ചൂട് അസഹനീയമായ രീതിയില്‍ തൂടരുകയാണ്. സൂര്യാഘാതം മൂലം പലയിടത്തും മരണം വരെ സംഭവിച്ചു. ഇതിനിടെയാണ് ചൂടിനെ പ്രതിരോധിക്കാൻ പുതുച്ചേരി പൊതുമരാമത്ത് വകുപ്പ് ഒരു നൂതന ആശയവുമായി എത്തിയിരിക്കുന്നത്. കടൂത്ത ചൂടില്‍ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ ട്രാഫിക് സിഗ്നലുകൾക്ക് സമീപം ഗ്രീൻ ഷെയ്ഡ് നെറ്റ് സ്ഥാപിച്ചുകൊണ്ടാണ് പുതുച്ചേരി കയ്യടി വാങ്ങുന്നത്. ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്കാണ് ഇത് ഏറെ പ്രയോജനകരമാകുന്നത്.
നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ വീഡിയോ ഇതിനോടകം തന്നെ ഇതിനെ അഭിനന്ദിച്ച് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഉപയോക്താക്കൾ പുതുച്ചേരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തങ്ങളുടെ നഗരത്തിൽ സമാനമായ സംവിധാനങ്ങൾ നടപ്പിലാക്കാൻ പ്രാദേശിക അധികാരികളോട് കമന്‍റ് ബോക്സില്‍ അഭ്യർത്ഥന നടത്തിയിട്ടുമുണ്ട്.
ബുധനാഴ്ച തമിഴ്‌നാട്ടിലെ മിക്കയിടങ്ങളിലും 38 മുതൽ 42.5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഉഷ്ണതരംഗം തുടരുമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ആളുകൾക്ക് സൂര്യതാപം, ചൂട് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.