ഭാര്യയെക്കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യന്‍ യൂട്യൂബര്‍ ധ്രുവ് റാഠി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
ധ്രുവിന്‍റെ യഥാര്‍ഥ പേര്, ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാകിസ്താന്‍കാരിയാണെന്നുമായിരുന്നു പ്രചാരണം. കറാച്ചിയിലെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിലാണ് ഇരുവരും താമസിക്കുന്നതെന്നും പാക് സൈന്യമാണ് കാവലെന്നുമുള്‍പ്പെടെയുളള പ്രചാരണങ്ങള്‍ നിലനിന്നിരുന്നു.
ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും പരാമര്‍ശിച്ച് ചെയ്ത വിഡിയോകള്‍ക്ക് പിന്നാലെയാണ് ഇത്തരം പോസ്റ്റുകള്‍ വൈറലായത്. താന്‍ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ലാത്തതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നതെന്ന് ധ്രുവ് റാഠി പറഞ്ഞു. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും, ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന്‍റെ നയങ്ങളും സമൂഹത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചും വിമര്‍ശിച്ചും ധ്രുവ് റാഠി ചെയ്ത വിഡിയോകള്‍ ഇതിനോടകം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ എന്ന് ചോദിച്ച് ചെയ്ത വിഡിയോയ്ക്ക് വലിയ സ്വീകരണവും വിമര്‍ശനവും ലഭിച്ചു. ലഡാക്കിനെപ്പറ്റിയും ഇലക്ടറല്‍ ബോണ്ടിനെപ്പറ്റിയും ചെയ്തവയ്ക്ക് മില്ല്യണ്‍ കണക്കിന് കാഴ്ച്ചക്കാരുണ്ടായിരുന്നു.