തലശേരി അതിരൂപതയിലെ പള്ളികളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ല. പ്രദര്‍ശിപ്പിക്കാന്‍ അതിരൂപത ഔദ്യോഗിക തീരുമാനം എടുത്തിരുന്നില്ല. അതേസമയം കേരള സ്റ്റോറിയില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിറോ മലബാര്‍ സഭ. പ്രണയക്കെണികളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണമായിരുന്നു ലക്ഷ്യം. വിവാദമാക്കിയത് പ്രദര്‍ശിപ്പിച്ച് ദിവസങ്ങള്‍ക്കുശേഷമെന്നും ഫാ.ആന്റണി വടക്കേക്കര പറഞ്ഞു.
അതേസമയം സാമൂഹിക തിന്‍മകള്‍ക്കെതിരെ ബോധവല്‍ക്കരണം തുടരുമെന്ന് കെ.സി.ബി.സി ജാഗ്രതാകമ്മിഷന്‍. ഭീകരവാദവും പ്രണയ ചതികളും യാഥാര്‍ഥ്യമാണെന്ന് സഭ പലപ്പോഴും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണസംവിധാനങ്ങള്‍ ഇത്തരം വിഷയങ്ങളെ അവഗണിക്കുന്നുവെന്നും വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതിനെ അസ്വസ്ഥതയോടെ സമീപിക്കേണ്ടെന്നും കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നുണകളെ അടിസ്ഥാനമാക്കിയ സിനിമയാണ് കേരള സ്റ്റോറി എന്നും ചില സഭകൾ ഇത് പ്രദർശിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്നും യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ലൗ ജിഹാദ് കേരളത്തിലില്ല. ഇതിന് പുറകിലെ രാഷ്ട്രീയ ഉദ്ദേശം വ്യക്തമാണ്. ക്രൈസ്തവ വിഭാഗത്തിലെ ഒരു ചെറിയ വിഭാഗം ഈ അജന്‍ഡയിൽ വീണുപോയി. വിദ്വേഷവും പകയും വിഭാഗീയതയും ഉണ്ടാക്കുന്നത് ക്രിസ്തുവിൻറെ ആത്മാവിന് ചേരുന്നതല്ലെന്നും സഭകൾ സ്നേഹത്തിൻറെ സുവിശേഷമാണ് പ്രചരിപ്പിക്കേണ്ടതും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത മനോരമ ന്യൂസിനോട് പറഞ്ഞു.
Kerala Story will not be screened in the churches of Thalassery Archdiocese