vistara-flight

ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈനില്‍ പൈലറ്റുമാരുടെ നിസ്സഹകരണം മൂലമുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. പുതിയ ശമ്പള ഘടനയില്‍ പ്രതിഷേധിച്ച് പൈലറ്റുമാര്‍ ജോലിക്ക് ഹാജരാകാത്തതുകാരണം ഇന്നലെ 50 സര്‍വീസുകള്‍ റദ്ദാക്കിയ കമ്പനി ഇന്ന് രാവിലെ മാത്രം 38 സര്‍വീസുകള്‍ നടത്തിയില്ല. ഇതില്‍ 15 എണ്ണം മുംബൈയില്‍ നിന്നും 12 സര്‍വീസുകള്‍ ഡല്‍ഹിയില്‍ നിന്നുള്ളതുമാണ്. ഈയാഴ്ച മാത്രം നൂറിലേറെ വിസ്താര സര്‍വീസുകളാണ് മുടങ്ങിയത്. ഇന്നലെ മാത്രം 160 സര്‍വീസുകള്‍ വൈകി. യാത്രക്കാരുടെ പ്രതിഷേധം രൂക്ഷമായതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിസ്താര മാനേജ്മെന്റിനോട് വിശദീകരണം തേടി. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കാന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

vistara-new

 

വിസ്താര–എയര്‍ ഇന്ത്യ ലയനത്തിന് മുന്നോടിയായി വിസ്താരയില്‍ പൈലറ്റുമാരുടെ ശമ്പളഘടന ഏകീകരിക്കാന്‍ ടാറ്റ തീരുമാനിച്ചിരുന്നു. ഇത് നടപ്പാകുമ്പോള്‍ വിസ്താരയിലെ പൈലറ്റുമാരുടെ ശമ്പളത്തില്‍ കാര്യമായ കുറവുണ്ടാകും. ഇതാണ് പ്രതിഷേധത്തിനും നിസ്സഹകരണത്തിനും കാരണം. യാത്രക്കാര്‍ക്കുണ്ടായ പ്രയാസങ്ങള്‍ക്ക് വിസ്താര വക്താവ് മാപ്പുപറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമം തുടരുകയാണെന്നും റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതരവിമാനങ്ങളില്‍ യാത്രാസൗകര്യമൊരുക്കാനും ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.