ബിജെപിക്ക് ഇലക്ടറൽ ബോണ്ടിനായി ചട്ടങ്ങൾ മറികടന്ന് കേന്ദ്രാനുമതി.15 ദിവസത്തിനകം ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടം, ധനമന്ത്രാലയം അസാധാരണ ഉത്തരവിലൂടെ ലംഘിച്ചെന്നാണ് റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍. കർണാടക, ഗുജറാത്ത് തിരഞ്ഞെടുപ്പുകൾക്ക് മുമ്പാണ് കാലഹരണപ്പെട്ട ബോണ്ട് ബിജെപിക്കായി മാറ്റാൻ ചട്ടങ്ങൾ മറികടന്നത്.
ബി ജെ പി ഇലക്ടറൽ ബോണ്ടിനു പിന്നിൽ ക്രമക്കേടുകളും അഴിമതിയും നടത്തിയെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് ചെയ്തത്.
ഇതുവഴി ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ബിജെപി സ്വീകരിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് 2022 ഡിസംബറിലും 10 ദിവസത്തേക്ക് ബോണ്ട് മാറ്റുന്നതിന് ചട്ടങ്ങൾ മറി കടന്നു. 2018ലെ വിജ്ഞാപന പ്രകാരം ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ 10 ദിവസമാണ് ബോണ്ട് മാറ്റിവാങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നത്. അതേസമയം 333 സ്വകാര്യ വ്യക്തികൾ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. 2019 - 2024 കാലയളവിൽ വ്യക്തികൾ വാങ്ങിയ ബോണ്ട് വിവരങ്ങളാണ് പുറത്ത് വന്നത്. ഇതിൽ 44 ശതമാനവും കമ്പനികളുമായി ബന്ധപ്പെട്ടവരാണ്.
bjp electoral bonds karnataka