മൃതദേഹംവച്ചുള്ള പ്രതിഷേധത്തില്‍ എതിര്‍പ്പില്ലെന്ന് കക്കയത്ത് കാട്ടുപോത്ത് കുത്തിക്കൊന്ന അബ്രഹാമിന്‍റെ മകന്‍ മനോരമ ന്യൂസിനോട്. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണം, 50ലക്ഷം നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്നും മകന്‍ ജോബിഷ് പറഞ്ഞു
കക്കയത്ത് കൃഷിയിടത്തില്‍വച്ച് കാട്ടുപോത്തിന്‍റെ കുത്തേറ്റ് പാലാട്ടി അബ്രഹാമാണ് കൊല്ലപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശുപത്രിയില്‍നിന്ന് മൃതദേഹം മാറ്റുന്നത് തടഞ്ഞു. രണ്ടുമാസമായി കാട്ടുപോത്ത് ആക്രമണ ഭീതിയില്‍ കഴിയുന്ന നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വീടിനു സമീപത്തെ കൃഷിയിടത്തില്‍ കൊക്കോ പറിക്കുന്നതിനിടെയാണ് അബ്രഹാമിന് നേരെ കാട്ടുപോത്ത് പാഞ്ഞടുത്തത്. ഓടിമാറുംമുന്‍പേ കുത്തി വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്രഹാമിന്‍റെ മൃതദേഹം അത്യാഹിത വിഭാഗത്തില്‍നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ പ്രതിഷേധം അണപൊട്ടി. ഏറെ നാളായി നാടിനെ ഭീതിയിലാക്കുന്ന കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലുമെന്ന് ഉറപ്പ് ലഭിക്കാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും. പ്രതിഷേധക്കാരെ മാറ്റി ആംബുലന്‍സെടുക്കാന്‍ പൊലീസ് ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ. ഒടുവില്‍ കാട്ടുപോത്തിനെ വെടിവെയ്ക്കാമെന്ന് കലക്ടര്‍ പൊലീസ് മുഖേന ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.