abhishek-manu-singhvi2702

ഹിമാചല്‍പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വിയെ പരാജയപ്പെടുത്തി ബിജെപിക്ക് അട്ടിമറി വിജയം. ഇതോടെ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ്. കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു ആരോപിച്ചു. യുപിയിലും ബിജെപി അട്ടിമറി വിജയം നേടി. കര്‍ണാടകയില്‍ ബിജെപി–ജെഡിഎസ് അട്ടിമറി നീക്കം പരാജയപ്പെട്ടു. 

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പത്തെ സസ്പെന്‍സ് ത്രില്ലാറായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പ്. ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കിയ മൂന്ന് സ്വതന്ത്രരും ബിജെപിക്ക് വോട്ടുചെയ്തു. ഇതോടെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വിക്കും ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജനും 34 വോട്ട് വീതം. നറുക്കെടുപ്പ് നടത്തി ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്‍റെ മുന്‍ മുഖ്യമന്ത്രി വിര്‍ഭദ്ര സിങ്ങിന്‍റെ വിശ്വസ്തനായിരുന്നു ഹര്‍ഷ് മഹാജന്‍. ഹിമാചല്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 35 എംഎല്‍എമാരുടെ പിന്തുണയാണ്. അഭിഷേക് സിങ്‍വിക്ക് 34 വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ.  മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും ബിജെപി പ്രതികരിച്ചു. 

വടക്കേന്ത്യയിലെ കോണ്‍ഗ്രസിന്‍റെ ഏക സര്‍ക്കാരാണ് ഹിമാചല്‍പ്രദേശില്‍. കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാരെ പൊലീസിന്‍റെയും സിആര്‍പിഎഫിന്‍റെയും കാവലില്‍ ബിജെപി  ഹരിയാനയിലേയ്ക്ക് കടത്തിയെന്ന് മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു ആരോപിച്ചു. യുപിയിലെ 10ല്‍ 8 സീറ്റും ബിജെപി വിജയിച്ചു. ജയാ ബച്ചന്‍ അടക്കം സമാജ‍്‍വാദി പാര്‍ട്ടിയുടെ 2 സ്ഥാനാര്‍ഥികളെ വിജയിച്ചുള്ളൂ. സമാജ്‍വാദി പാര്‍ട്ടി എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതോടെയാണ് എട്ടാം സീറ്റ് ബിജെപി വിജയിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സമാജ്‍വാദി പാര്‍ട്ടി നേതാവ് മനോജ് പാണ്ഡെ പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു. മാനോജ് പാണ്ഡെ റായ്ബറേലിയില്‍ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ അജയ് മാക്കനും സയ്ദ് നസീര്‍ ഹുസൈനും ജി.സി ചന്ദ്രശേഖറും വിജയിച്ചു. ബിജെപിയുടെ നാരായണ്‍സ ഭണ്ഡാഗെയും ജയിച്ചു. അട്ടിമറി ലക്ഷ്യമിട്ട് ബിജെപി–ജെഡിഎസ് സഖ്യം കളത്തിലിറക്കിയ കുപേന്ദ്ര റെഡ്ഢി പരാജയപ്പെട്ടു. കര്‍ണാടകയില്‍ ബിജെപിയുടെ രണ്ട് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു.

BJP's Harsh Mahajan defeats Abhishek Manu Singhvi amid cross-voting in Himachal