പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന ഗണേഷ് കുമാറിന്റെ അവകാശവാദം നടപ്പായില്ല. ഗണേഷിന്‍റെ പേഴ്സണൽ സ്റ്റാഫിലേക്ക് 18 പേരെ കൂടി നിയമിച്ച് പൊതുഭരണ ഉത്തരവിറക്കി. അതേസമയം, പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കുറയ്ക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഗണേഷ് തിരുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വേണ്ട വേണ്ട എന്നൊക്കെ പറഞ്ഞു തുടങ്ങിയ ഗണേഷ് കുമാറിന് പേഴ്സണൽ സ്റ്റാഫിൽ ഇപ്പോൾ 20 പേരായി. പ്രൈവറ്റ് സെക്രട്ടറിയെയും ഡ്രൈവറെയും ആദ്യം നിയമിച്ചു. ഇപ്പോൾ 18 പേരുടെ നിയമനത്തിന് കൂടിയാണ് അംഗീകാരം ലഭിച്ചത്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പേഴ്സണൽ സ്റ്റാഫിനെ കുറയ്ക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുൻപാണ് ഗണേഷ് പറഞ്ഞത്. എന്നാൽ മാസ് ഡയലോഗ് വിഴുങ്ങി പേഴ്സണൽ സ്റ്റാഫിലേക്ക് 24 പേരുടെ പട്ടികയാണ് മന്ത്രിയായപ്പോൾ ഗണേഷ് നൽകിയത്. ഇതിൽ നിന്ന് 20 പേരെ നിയമിച്ചു. മൂന്നു പേരുടെ നിയമനം കൂടി പൊതുഭരണ വകുപ്പിന്‍റെ പരിഗണനയിലാണ്. മുൻഗാമിയായ ആന്‍റണി രാജുവിന് 23 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണുണ്ടായിരുന്നത്. ഒരു മന്ത്രിക്ക് പരമാവധി 25 പേരെ നിയമിക്കാമെന്നാണ് സർക്കാരിന്‍റെ നയം. അതേസമയം മന്ത്രി മുൻനിലപാട് തിരുത്തി.
മൂന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, നാല് അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ പുതുതായി നിയമിക്കപ്പെട്ടവരിൽ കൂടുതലും മന്ത്രിയുടെ തന്നെ കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ്.