national-health-mission-in-

കേന്ദ്ര–സംസ്ഥാന ഫണ്ട് തര്‍ക്കത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ജീവനക്കാര്‍ പ്രതിസന്ധിയില്‍. പതിമൂവായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് ഈമാസവും ശമ്പളം മുടങ്ങി. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വര്‍ധിപ്പിച്ച ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. മിഷന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആശാ വര്‍ക്കാര്‍മാര്‍ക്കും ഈ മാസത്തെ വേതനം നല്‍കിയിട്ടില്ല.    

 

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍, നാഷണല്‍ ഹെല്‍ത്ത് മിഷനിലെ പതിമൂവായിരത്തോളം ജീവനക്കാര്‍ക്ക് വൈകിയാണ് ശമ്പളം ലഭിക്കുന്നത്. ഈമാസം ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം കിട്ടിയത് പതിനഞ്ചാം തിയ്യതിക്ക് ശേഷം. എന്‍.എച്ച്.എമ്മിന്‍റെ ഭാഗമായി ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കാല്‍ ലക്ഷത്തോളം ആശാ വര്‍ക്കര്‍മാരുടെയും അവസ്ഥ സമാനം. ജീവനക്കാരുടെ ശമ്പളം പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. ജൂണ്‍ 1 മുതല്‍ ഉത്തരവിന് മുന്‍കാല പ്രാബല്യമുണ്ട്. പക്ഷെ ആറ് മാസം കഴിഞ്ഞിട്ടും വര്‍ധിപ്പിച്ച ശമ്പളം കൊടുത്ത് തുടങ്ങിയില്ല. ഈ സാമ്പത്തിക വര്‍ഷം കൊടുക്കില്ലെന്നാണ് അറിയുന്നത്. 

 

എന്‍.എച്ച്.എം പദ്ധതിച്ചെലവില്‍  ആറുപത് ശതമാനം കേന്ദ്രവും നാല്‍പത് ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. കേന്ദ്രവിഹിതവും സസ്ഥാനം തന്നെ വഹിച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് വരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അതിന് കഴിയാത്തതാണ് ശമ്പളം മുടങ്ങുന്ന സാഹചര്യം സൃഷ്ടിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.  

 

Employees of National Health Mission in crisis due to central-state fund dispute