തൃശൂർ പൂരത്തിന്  വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ചെരുപ്പിട്ട് കടക്കുന്നത് ഹൈക്കോടതി വിലക്കി. രാഷ്ട്രീയ പാർട്ടികളുടെ ഹോർഡിങ്ങുകളോ പരസ്യബോർഡുകളോ കൊടികളോ തേക്കിൻകാട് മൈതാനത്ത് സ്ഥാപിക്കരുത്. മൈതാനം പ്ലാസ്റ്റിക് മുക്തമാണെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു

കഴിഞ്ഞ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി നൽകിയ ഹർജിയും, ക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ  സ്വമേധയാ എടുത്ത കേസിലുമാണ് ഹൈക്കോടതി ഇടപെടൽ. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും, ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണം. പൂരം ദിവസങ്ങളിൽ  ബന്ധപ്പെട്ടവരെല്ലാം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദേശിച്ചു. 

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പുകൾ  വടക്കുംനാഥ ക്ഷേത്ര മതിൽ കെട്ടിനകത്ത് പ്രവേശിച്ചാണ് മടങ്ങുക. ഇലഞ്ഞിത്തറ മേളം നടക്കുന്നതും മതിൽക്കെട്ടിനകത്താണ്. പതിനായിരങ്ങളാണ് അന്നേദിവസം ഇവിടേക്കെത്താറ്. ഇവരടക്കം ചെരിപ്പിട്ട് മതിൽക്കെട്ടിനകത്തേക്ക് കടക്കുന്നത് വിലക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

തേക്കിൻകാട് മൈതാനത്ത് നിന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കുന്നുണ്ടെന്ന് കൊച്ചിൻ ബോർഡ് കോടതിയെ അറിയിച്ചു. ഇക്കാര്യം ഉറപ്പുവരുത്താൻ കോടതി ദേവസ്വംബോർഡിനും കോർപ്പറേഷൻ സെക്രട്ടറിക്കും നിർദേശം നൽകി. മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ ഹോർഡിങ്ങുകളോ ബോർഡുകളോ കൊടികളോ സ്ഥാപിക്കാൻ പാടില്ല. മൈതാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ഇൻസ്പെക്ടർ പതിവായി പട്രോളിങ് നടത്തണമെന്നും നിർദേശമുണ്ട്.

 

Kerala high court bans chappals in vadakkunnathan temple during thrissur pooram