സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനയും സമീപനവുമാണെന്ന കോണ്‍ഗ്രസ് എംപി ടി.എന്‍ പ്രതാപന്‍റെ നിലപാട് തെറ്റുതിരുത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതാപന്‍റെ അടിയന്തര പ്രമേയം തെറ്റുതിരുത്തലാണെന്നും നല്ല നീക്കമെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. അതേസമയം കേരളത്തിന് ഫണ്ട് നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതാപന്‍ നല്‍കിയ അടിയന്തര പ്രമേയം വൈകി വന്ന ബുദ്ധിയെന്നായിരുന്നു എ.കെ ബാലന്‍റെ പ്രതികരണം. പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയത് നവകേരള സദസിന്‍റെ നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഎമ്മിനെതിരായ വിരുദ്ധ വികാരം ഭ്രാന്താവസ്ഥയില്‍ എത്തിയിരിക്കുകയാണ്. കെപിസിസി പ്രസിഡന്‍റായാലും പ്രതിപക്ഷ നേതാവായാലും എന്തൊക്കെ ഭാഷയിലാണ് മുഖ്യന്ത്രിയെയും ജാഥയെയും അപമാനിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കേന്ദ്ര സര്‍ക്കാരിന്‍റെ അവഗണനയാണ് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതെന്നും പല ഗ്രാന്‍റുകളും പദ്ധതികള്‍ക്കുള്ള പണവും അനുവദിക്കുന്നതില്‍ രാഷ്ട്രീയം വച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുക്കുന്നുവെന്നുമായിരുന്നു ടി.എന്‍. പ്രതാപന്‍ അടിയന്തര പ്രമേയ നോട്ടിസിലൂടെ ഉന്നയിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതൊക്കെ തൊടുന്യായങ്ങളാണെന്നും മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി ഫണ്ട് നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ മറ്റ് യുഡിഎഫ് എംപിമാര്‍ക്കും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം മനോരമന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
CM Pinarayi Vijayan and AK Balan praises TN Prathapan's adjournment motion in LokSabha