കുസാറ്റിൽ നാലു വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നടപടി. സ്കൂള്‍ ഒാഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെ മാറ്റി. സംഗീത നിശയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ റജിസ്ട്രോര്‍ക്ക് നല്‍കിയ കത്ത് പുറത്തായതിന് പിന്നാലെയാണ് നടപടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. വെള്ളിയാഴ്ചയ്ക്കകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരന്‍ വ്യക്തമാക്കി. സിന്‍ഡിക്കറ്റ് ഉപസമിതിയില്‍നിന്ന് പി.കെ.ബേബിയെ മാറ്റി.
അതേസമയം, കുസാറ്റിൽ നാലു വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിൽ സർവകലാശാലയുടെ വീഴ്ച്ചയെന്ന് ആരോപണം. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ റജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. കത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. കത്ത് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥികളുടെ ആരോഗ്യനിലയിൽ പുരോഗതി രേഖപ്പെടുത്തി
കുസാറ്റിൽ 4 വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടം നടന്ന പരിപാടിക്ക് രേഖാമൂലം സംരക്ഷണം തേടിയിരുന്നില്ലെന്ന് പൊലീസ് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സുരക്ഷയൊരുക്കണമെന്നും, പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ റജിസ്ട്രാർക്ക് നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പരിപാടിയുടെ ഒന്നാം ദിവസമായ നവംബർ 24നാണ് കത്ത് നൽകിയിട്ടുള്ളത്. കുസാറ്റിലെ സെക്യൂരിറ്റി ഓഫീസർക്കും കത്തിന്റെ പകർപ്പുണ്ട്. ഈ കത്തിൻമേൽ തുടർനടപടി ഉണ്ടായിട്ടില്ല എന്നാണ് പൊലീസിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഈ കത്തിന്മേൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് ഇനി വ്യക്തമാക്കേണ്ടത് റജിസ്ട്രാർ ആണ്. എന്നാൽ വിഷയത്തിൽ പ്രതികരണത്തിന് വൈസ് ചാൻസിലറോ റജിസ്ട്രാറോ തയ്യാറായിട്ടില്ല. നേരത്തെ തീരുമാനിച്ച പരിപാടിയായിട്ടും എന്തുകൊണ്ട് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്തു നൽകാൻ വൈകി എന്നത് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലും വിശദീകരിക്കേണ്ടിവരും.
അപകടത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതി സ്ഥലത്തെത്തി പരിശോധന നടത്തി. സി.ഇ.ടിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പ്രാഥമിക പരിശോധന നടത്തിയത്. അപകടം നടന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ അളവുകൾ സമിതി ശേഖരിച്ചു. തുടർ പരിശോധന നടത്തുമെന്നും സമിതി വ്യക്തമാക്കി. അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ട് വിദ്യാർഥികളുടെ ആരോഗ്യനിലയിൽ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു
Cusat disaster: School of Engineering principal replaced