• 'രാത്രി 10 മണിക്ക് ശേഷം മൈക്ക് പാടില്ല'
  • ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
  • അക്രമത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊലീസിനെ ആക്രമിച്ചത് മദ്യപസംഘമെന്ന് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. സംഘര്‍ഷം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 10 മണിക്ക് ശേഷം മൈക്ക് പാടില്ലെന്നും കമ്മിഷണര്‍ അറിയിച്ചു. അതേസമയം ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. പൊലീസിനു നേരെ അക്രമികള്‍ കസേര എറിയുന്നതും പൊലീസ് ലാത്തിവീശുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ നെട്ടയം സ്വദേശിയായ സ്ത്രീയ്ക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു. കല്ലെറിഞ്ഞ സംഘത്തിലെ നാലുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട് . നെട്ടയം, നെയ്യാറ്റിന്‍കര സ്വദേശികളാണ് കസ്റ്റഡിയിലായ നാലുപേരും. മദ്യപസംഘം പാട്ടും ഡാന്‍സും നടക്കുന്നതിനിടയിലേക്ക് കയറി കസേരകള്‍ തള്ളിമാറ്റുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്യുന്നത് കണ്ടതോടെ പൊലീസെത്തി ഇവരെ ആല്‍ത്തറ പരിസരത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം കല്ലേറ് നടത്തിയത്.

അതേസമയം, മാനവീയം വീഥിയിലെ സംഘര്‍ഷങ്ങള്‍ ആസൂത്രിതമാണെന്നും കഞ്ചാവ് വീഥിയെന്നുവരെ പ്രചരിപ്പിക്കാന്‍ വരെ ശ്രമമുണ്ടെന്നും മാനവീയം സെക്രട്ടറി കെ.ജി.സൂരജ്  മനോരമ ന്യൂസിനോട് പറഞ്ഞു.  വര്‍ഗീയവാദികളും സദാചാരവാദികളും വരെ ആക്രമണത്തിന് പിന്നലുണ്ടെന്ന് കരുതുന്നതായും അദ്ദേഹം ആരോപിച്ചു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി മാനവീയം വീഥി നൈറ്റ്​ലൈഫിനായി തുറന്ന് നല്‍കിയത് മുതല്‍ ഇത് പത്താം തവണയാണ് അക്രമസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

 

Trivandrum city police commissoner on Nightlife clash