antonyblinkenisrael-11
  • അഷ്കലോണില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യത
  • സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം
  • യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 1900 ആയി

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നിനിടെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇസ്രയേലിലേക്ക്. അഷ്കലോണില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് മുന്നറിയിപ്പുനല്‍കി. ഗാസയില്‍ നിന്ന് കൂടുതല്‍ ഹമാസ് സംഘം നുഴഞ്ഞുകയറുന്നതായാണ് റിപ്പോര്‍ട്ട്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സൈന്യം ആവശ്യപ്പെട്ടു.ഇസ്രയേലിലും ഗാസയിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 1900 ആയി.

അതിനിടെ യു.എസില്‍ നിന്ന് ആയുധങ്ങളുമായി യുദ്ധവിമാനം ഇന്നലെ ഇസ്രയേലിലെത്തി. പടക്കപ്പല്‍ യു.എസ്.എസ്. ജെറാള്‍ഡ് മെഡിറ്ററേനിയന്‍ കടലിലും നിലയുറപ്പിച്ചിട്ടുണ്ട്. അതിക്രമിച്ചു കയറിയവര്‍ക്കെതിരെ പൊരുതാന്‍ ഇസ്രയേലിന് ആയുധങ്ങളുടെ ക്ഷാമം ഉണ്ടാകില്ലെന്നും മതിയായ സഹായങ്ങള്‍ നല്‍കുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ലോകരാഷ്ട്രങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലുകള്‍ക്ക് അയവുവരുമെന്ന പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ടാണ് തെക്കന്‍ ഇസ്രയേല്‍ നഗരമായ അഷ്കലോണില്‍ ഇന്നലെ ഹമാസിന്റെ റോക്കറ്റ് വര്‍ഷമുണ്ടായത്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ യൂനിസിലുണ്ടായ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ധനമന്ത്രിയടക്കം രണ്ട് ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം അവസാനിക്കുംവരെ ബന്ദികളെ വിട്ടുനല്‍കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രയേലും പലസ്തീനുമായി നല്ല ബന്ധമാണ് ഉള്ളതെന്നും പ്രശ്നപരിഹാരത്തിന് പോംവഴി കണ്ടെത്താന്‍ ശ്രമിക്കുമെന്നും റഷ്യ പ്രതികരിച്ചു. ഹമാസിന്റെ ആക്രമണങ്ങള്‍ക്കുപിന്നില്‍ ഇറാനാണെന്ന ഇസ്രയേലിന്റെ ആരോപണം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തള്ളി. പലസ്തീന്‍ ജനതയ്ക്കൊപ്പമാണ് ഇറാനെന്നും ഗാസയിലെ കൂട്ടക്കുരുതികള്‍ക്ക് ഇസ്രയേല്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഖമനയി മുന്നറിയിപ്പുനല്‍കി. അതിനിടെ യു.എസ്, യു.കെ. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ഇസ്രയേലിന് പൂര്‍ണ പിന്തുണ അറിയിച്ചു. ഹമാസ് ആക്രമണത്തില്‍ രണ്ട് ഫ്രഞ്ച് പൗരന്മാര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ചു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു.

\US State Secretary Antony Blinken to visit Israel

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.