മലപ്പുറം പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ഇരുപത്താറുകാരി റുക്സാനയെ  തൃശൂർ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

 

ആറു മാസം ഗർഭിണിയായ റുക്സാനക്ക് കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം നൽകിയിരുന്നു. ഒ നെഗറ്റീവ് രക്തമുള്ള റുക്സാനക്ക് ബി പോസിറ്റീവ് രക്തമാണ് നൽകിയത്.  ഡോക്ടറുടെ നിർദേശം പോലുമില്ലാതെയാണ് ഇന്നലെ രക്തം നൽകിയതെന്നാണ് വിവരം. രക്ത ഗ്രൂപ്പ് മാറിയെന്ന് വ്യക്തമായതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഡോക്ടർ നിർദേശം നൽകിയിട്ടില്ലല്ലോ എന്ന്  നഴ്സിനെ വിവരം അറിയിച്ചെങ്കിലും അവഗണിച്ചെന്നാണ് പരാതി.

 

രക്തം കുത്തിവച്ചതിന് പിന്നാലെ റുഖിയക്ക് വിറയലുണ്ടായി. രക്തം മാറിയാൽ അമ്മയ്ക്കും കുഞ്ഞിനുമുണ്ടായേക്കാവുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. പ്രതിഷേധവുമായെത്തിയ പൊന്നാനി നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരും നാട്ടുകാരും ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. മലപ്പുറം ഡിഎംഒ. ആർ. രേണുക ആശുപത്രി സൂപ്രണ്ടിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

Pregnant woman given 'wrong blood transfusion' in Ponnani