വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിക്കുന്നു (PTI Photo/Manvender Vashist Lav)
വനിത സംവരണ ബില്‍ പാസാക്കിയത് ഉയര്‍ത്തിക്കാട്ടി ബിജെപിക്ക് ഇനിയും ഒറ്റയ്ക്കു ഭരിക്കാന്‍ ഭൂരിപക്ഷം തരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരമായ തീരുമാനമെടുക്കാന്‍ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള പാര്‍ട്ടി വേണമെന്നു പറഞ്ഞ പ്രധാനമന്ത്രി സ്ഥിരതയുള്ള സര്‍ക്കാരായതുകൊണ്ടാണ് വനിതാ സംവരണ ബില്‍ യാഥാര്‍ഥ്യമായതെന്നും വ്യക്തമാക്കി. ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ ബില്ലിനെക്കുറിച്ച് രാജ്യമാകെ പ്രചാരണം നടത്താന്‍ ബിജെപി ആസ്ഥാനത്ത് നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാസംവരണ ബില്‍ മോദിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സ്വീകരണം.
അതേസമയം ബില്‍ പാസായതില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും മോദി നന്ദി പറഞ്ഞു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അഭിനന്ദനമെന്ന് മോദി പറഞ്ഞ പ്രധാനമന്ത്രിക്ക് വനിത നേതാക്കള്‍ സ്വീകരണവും നല്‍കി. ചില തീരുമാനങ്ങള്‍ രാജ്യത്തിന്‍റെ തലയിലെഴുത്ത് മാറ്റും. വനിത സംവരണ ബില്‍ പാസാക്കി വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കി. താന്‍ വാക്കുപാലിച്ചതിന്‍റെ ഉദാഹരണമാണിത്. ബില്‍ പാസാക്കാന്‍ പല തടസങ്ങളുണ്ടായിരുന്നു. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുള്ള സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തെലത്തിയതുകൊണ്ട് ബില്‍ യാഥാര്‍ഥ്യമായി. രാഷ്ട്രീയ താല്‍പര്യങ്ങളോടെ വഴി മുടക്കാന്‍ ആരും വന്നില്ല. നേരത്തെ ബില്‍ കീറിയെറഞ്ഞവര്‍ക്ക് ഇപ്പോള്‍ പിന്തുണയ്ക്കേണ്ടിവന്നു, പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം വനിത സംവരണ ബില്‍ അവതരിപ്പിക്കാന്‍ വൈകിയെന്ന വാദത്തെയും പ്രധാനമന്ത്രി തള്ളി. സ്ത്രീശാക്തീകരണത്തിന്‍റെ അന്തരീക്ഷം ഒരുക്കിയതിന് ശേഷമാണ് ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവന്നതെന്ന് മോദി വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായ വനിതകളെയും പ്രധാനമന്ത്രിയെ ആദരിച്ചു. വരും ദിവസങ്ങളില്‍ ബിജെപി വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിലെയും ബിജെപിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് വനിതാ ബില്ലായിരിക്കും.
Strong, full-majority govt a must to take nation forward: Modi