• ‘മുത്തലാഖ് നിരോധനത്തിന് ശേഷം മുസ്‌ലിം സ്ത്രീകളുടെ പിന്തുണ ബി.ജെ.പിക്ക്’
  • ‘വിജയസാധ്യതയുള്ള 33 ശതമാനം ലോക്സഭാ സീറ്റുകളില്‍ ബി.ജെ.പി സ്ത്രീകളെ മല്‍സരിപ്പിക്കണം’
  • പി.വി.അബ്ദുല്‍ വഹാബ് എം.പിയുടെ പരാമര്‍ശം രാജ്യസഭയില്‍

മുത്തലാഖ് നിരോധനത്തോടെ മുസ്‍ലിം വനിതകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നതായി മുസ്‍ലിം ലീഗ് എം.പി പി.വി.അബ്ദുല്‍ വഹാബ്. രാജ്യസഭയില്‍ വനിത സംവരണ ബില്‍ ചര്‍ച്ചയ്ക്കിടെയാണ് മുത്തലാഖ് നിരോധനത്തോടെ മുസ്‍ലിം സ്ത്രീകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞത്. വിജയസാധ്യതയുള്ള 33 ശതമാനം സീറ്റുകളില്‍ ബിജെപി സ്ത്രീകളെ മല്‍സരിപ്പിക്കണം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകള്‍ പാര്‍ലമെന്‍റില്‍ എത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും അബ്ദുല്‍ വഹാബ് പറഞ്ഞു. 

 

ഒരു വനിതയ്ക്ക് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാകാന്‍ എത്രകാലം കാത്തിരിക്കേണ്ടിവന്നുവെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. വൃന്ദ കാരാട്ട് എത്ര പോരാടിയിട്ടാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായതെന്നും ഇതേ ഇടതു പാര്‍ട്ടികളാണ് വനിത സംവരണത്തെക്കുറിച്ച് പറയുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. തന്നെ പ്രകോപിപ്പിച്ച കെ.സി.വേണുഗോപാലിനോട് ഭരണഘടന വായിക്കാന്‍ ഉപരാഷ്ട്രപതി നിര്‍ദേശിച്ചു. പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാതിരുന്നത് രാജ്യസഭാംഗങ്ങള്‍ക്ക് അപമാനകരമായി തോന്നിയെന്ന് കെ.സി വേണുഗോപാല്‍. രാഷ്ട്രപതിക്കും തനിക്കും ഭരണഘടനപരമായ എല്ലാ അധികാരങ്ങളുമുണ്ടെന്നും അതില്‍ കുറവുവന്നുവെന്ന തോന്നല്‍ വേണ്ടെന്നും ജഗ്ദീപ് ധന്‍കര്‍ മറുപടി നല്‍കി. 

 

ശശി തരൂരിന് ഒരിക്കലും സ്ത്രീ വിരുദ്ധനാകാന്‍ കഴിയില്ലെന്ന് ലോക്സഭയില്‍ ചന്ദ്രയാന്‍ ദൗത്യ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്‍റെ നര്‍മത്തില്‍പ്പൊതിഞ്ഞ പരാമര്‍ശം. സംവരണം ഇല്ലാതെ തന്നെ സ്ത്രീകള്‍ ശാസ്ത്രരംഗത്ത് മുന്നേറുന്നുവെന്ന് ചര്‍ച്ചയ്ക്കിടെ ശശി തരൂര്‍ പരാമര്‍ശിച്ചിരുന്നു. തരൂര്‍ ഇത്തരം പരാമര്‍ശം നടത്തിയത് ഉചിതമായില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു. പാര്‍ലമെന്‍ററി രംഗത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് തരൂര്‍ വിശദീകരിച്ചു. ചന്ദ്രയാന്‍ വിജയത്തിന് ശാസ്ത്രത്തിന് യോജിക്കാത്ത നിറം നല്‍കരുതെന്ന് ഡിഎംകെ എം.പി എ രാജ പരാമര്‍ശിച്ചത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. തമിഴ്നാട്ടിലെ സനാതന ധര്‍മ വിവാദം ഉന്നയിച്ചാണ് ബിജെപി എംപിമാര്‍ പ്രതിഷേധിച്ചത്.

 

 

Muslim League MP PV Abdul Wahab says Muslim women support BJP with ban on triple talaq