Women-Reservation-Bill

ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ ലോക്സഭ പാസാക്കി. 454 പേര്‍ പിന്തുണച്ചു. രണ്ടു േപര്‍ എതിര്‍ത്തു. സംവരണം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും ജാതി സെന്‍സസ് നടത്തണമെന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താതെ സംവരണം നടപ്പാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാല്‍ വ്യക്തമാക്കി. ബില്ലിന്‍റെ ക്രെഡിറ്റ് നിങ്ങളെടുത്തോളൂ, പിന്തുണച്ചാല്‍ മതിയെന്ന് ചര്‍ച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസിനെ പരിഹസിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പുതിയ മന്ദിരത്തില്‍ ചരിത്രം പിറന്നു. നാരീ ശക്തി വന്ദന്‍ അധിനിയം എന്ന് സര്‍ക്കാര്‍ പേരിട്ട ഭരണഘടനയുടെ 128 ാമത് ഭേദഗതി ബില്‍ പ്രതിപക്ഷത്തെ അകമഴിഞ്ഞ പിന്തുണയോടെ പാസാക്കി. ന്യൂനപക്ഷ വനിതകള്‍ക്ക് പ്രത്യേക സംവരണത്തിനായി അസദുദീന്‍ ഉവൈസി കൊണ്ടുവന്ന ഭേദഗതി നിര്‍ദേശം ശബ്ദവോട്ടോടെ തള്ളി. വനിത സംവരണം രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും ബില്‍ പാസായി ഉടന്‍ പ്രാബല്യത്തില്‍ വന്നില്ലെങ്കില്‍ സ്ത്രീകളോടുള്ള കടുത്ത അനീതിയായിരിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. 

ഒബിസി വിഭാഗങ്ങള്‍ ഉപസംവരണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ ഒബിസി വിഭാഗത്തെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഒബിസി വിഭാഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ളത് ബിജെപിയിലാണെന്ന് കണക്കുകള്‍ നിരത്തി അമിത് ഷാ മറുപടി നല്‍കി. ഭരണഘടനയുടെ 82 ാമത് അനുച്ഛേദ പ്രകാരം മണ്ഡല പുനര്‍നിര്‍ണയം നടത്തിയശേഷമേ സംവരണം നടപ്പാക്കാന്‍ കഴിയൂവെന്ന് അമിത് ഷാ. സംവരണ മണ്ഡ‍ലങ്ങള്‍ ഏതെല്ലാമാണെന്ന് മണ്ഡല പുനര്‍നിര്‍ണയ സമിതി സുതാര്യമായി തീരുമാനിക്കും.  

33 ശതമാനം സംവരണം പ്രാബല്യത്തില്‍ വന്ന് പതിനഞ്ച് വര്‍ഷത്തിന് ശേഷം സംവരണ പരിധി പാര്‍ലമെന്‍റിന് ഉയര്‍ത്താമെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ബില്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് ഡിഎംകെയും ടിഎംസിയും ജെഡിയും കുറ്റപ്പെടുത്തി.  മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.     

Story Highlights: Women Reservation Bill Passed by Lok Sabha, Gets 454 Votes in Favour