പാലക്കാട് മൂലത്തറ ഡാമിന്റെ നിര്‍മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ഇടത് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ച നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി രണ്ട് വര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയിലാണ് നടപടി. നിര്‍മാണത്തിലെ അപാകതയ്ക്കൊപ്പം അനധികൃത സാമ്പത്തിക ഇടപാടും നടന്നതിന് തെളിവുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി.
ഡി.വൈ.എഫ്.ഐ ചിറ്റൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും 2021 ല്‍ പരാതി നല്‍കിയിരുന്നത്. പ്രളയത്തില്‍ തകര്‍ന്ന മൂലത്തറ ഡാമിന്റെ ഷട്ടറുകളും തൂണുകളും പുനര്‍ നിര്‍മിച്ചതില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ആക്ഷേപം. പഴയ ഷട്ടറുകളും കോണ്‍ക്രീറ്റ് തൂണുകളും മിനുക്കു പണികള്‍ ചെയ്താണ് പൂര്‍ത്തീകരിച്ചത്. ഇത് ഭാവിയില്‍ അപകടത്തിനിടയാക്കും. കരാര്‍ ഉറപ്പിച്ചതിനെക്കാള്‍ പതിനൊന്ന് കോടിയിലധികം രൂപ ചെലവായ വഴി പരിശോധിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിജിലന്‍സ് പാലക്കാട് യൂണിറ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെയാണ് അന്വേഷണത്തിന് അനുമതിയായത്.
നിര്‍മാണ കമ്പനി ജനപ്രതിനിധികള്‍ക്ക് ഉള്‍പ്പെടെ കോടികളുടെ കൈമടക്ക് നല്‍കിയെന്നും ആരോപണമുയര്‍ന്നു. സിപിഎം, ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഈ വിഷയത്തില്‍ പരസ്യ വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു. നിര്‍മാണത്തില്‍ അപാകതയോ സാമ്പത്തിക ക്രമക്കേടോ ഉണ്ടെങ്കില്‍ മുഴുവന്‍ കാര്യങ്ങളും തെളിയണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
Allegations of corruption in palakkad moolathara regulator dam reconstruction