പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണല്‍ തുടങ്ങി. പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് നിലവില്‍ എണ്ണിത്തുടങ്ങിയിരുക്കുന്നത്. 2629 തപാല്‍വോട്ടുകളാണ് ഇക്കുറിയുള്ളത്. ഇത് പൂര്‍ത്തിയായതിന് ശേഷം ആദ്യറൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. രണ്ടാം റൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 15 മുതല്‍ 28 വരെ ബൂത്തുകളിലെ വോട്ടുകളും എണ്ണും. തുടര്‍ന്ന് അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ വോട്ടും, പിന്നാലെ പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും. 

 

കോട്ടയം  ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുക. . ആകെ 20 ടേബിളുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും അഞ്ചെണ്ണത്തില്‍ പോസ്റ്റല്‍ വോട്ടുകളും എണ്ണും ശേഷിക്കുന്ന ഒന്നില്‍ ഇടിബിപിഎസ് വോട്ടുകളുമാണ് എണ്ണുക. 

 

അവസാനവട്ട കണക്കുകൂട്ടലുകളും കഴിഞ്ഞ് ഫലമറിയാന്‍ കാത്തിരിക്കുകയാണ് മൂന്നു മുന്നണികളും.  പോളിങ്ങില്‍ ഉണ്ടായ കുറവാണ് ഇടതു വലതു മുന്നണികളിലെ പ്രധാന ചർച്ചാവിഷയം. ഫലസൂചനകള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

 

 

Counting starts at Puthuppally byeletion