പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആദ്യ ഒന്നര മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്. രാവിലെ ഒന്‍പത് മണിവരെ 12.3 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിര ദൃശ്യമായിരുന്നു. വൈകിട്ട് ആറുവരെയാണ് വോട്ടിങ്. യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയിരുന്നു. അല്‍പസമയത്തിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് മണര്‍കാട് കണിയാംകുന്ന് എല്‍.പി. സ്കൂളിലും വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
ആകെ ഒരുലക്ഷത്തി എഴുപത്തിയാറായിരത്തി നാന്നൂറ്റി പതിനേഴ് വോട്ടര്‍മാരാണുള്ളത്. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി നേടിയ എക്കാലത്തെയും വലിയ ഭൂരിപക്ഷമായ 33,000 ചാണ്ടി ഉമ്മനിലൂടെ മറികടക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുമ്പോൾ നേരിയ ഭൂരിപക്ഷത്തിൽ എങ്കിലും 53 വർഷത്തിനുശേഷം ജയ്ക് സി. തോമസിലൂടെ മണ്ഡലം തിരിച്ചുപിടിക്കും എന്നാണ് എൽഡിഎഫിന്റെ പ്രഖ്യാപനം. വോട്ടു നില മെച്ചപ്പെടുത്തും എന്നാണ് ബിജെപിയുടെ അവകാശവാദം.
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണ് ഇന്നെന്നും ഇടതുപക്ഷം മികച്ച വിജയം നേടുമെന്നുമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ പ്രതികരണം. യുഡിഎഫ് വികസന ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്നും ജെയ്ക് ആരോപിച്ചു. അതേസമയം, പുതുപ്പള്ളിയിലെ വിധി ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പ്രതികരണം. പുതുപ്പള്ളിയിലെ വികസനം മുടക്കിയത് ഇടതുപക്ഷമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനം വോട്ട് ചെയ്യുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ പറഞ്ഞു
Voting begins at puthuppally, 12.3 % polling in initial hours