
കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമ്മതം അറിയിച്ചശേഷമാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് പരിഷ്ക്കരണ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. സമിതിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷനിരയിലെ മറ്റുപാര്‍ട്ടികളെ നേതാക്കളെ സമിതിയിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നേക്കും.
ലോക്സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച സമിതിയുടെ ഉദ്ദേശശുദ്ധി ചോദ്യം െചയ്താണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പിന്മാറിയത്. എന്നാല്‍ സമിതി രൂപീകരിച്ച് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് അധിര്‍ രഞ്ജന്‍ ചൗധരിയുമായി സംസാരിച്ചിരുന്നതായും അദ്ദേഹം സമ്മതം അറിയിച്ചിരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കോണ്‍ഗ്രസ് അതൃപ്തി പരസ്യമാക്കിയതോടെയാണ് അധിര്‍ രഞ്ജന്‍ ചൗധരി നിലപാട് മാറ്റിയതെന്നാണ് ബിജെപി വാദം. കോണ്‍ഗ്രസ് പിന്മാറിയതോടെ ഡിഎംകെയില്‍ നിന്നോ, വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്നോ, ബിജു ജനതാദളില്‍ നിന്നോ മുതിര്‍ന്ന നേതാവിനെ സമിതിയിലേയ്ക്ക് ക്ഷണിക്കും. ഡിഎംകെയ്ക്ക് സമിതിയോട് വിയോജിപ്പുണ്ട്.
ഉന്നതതല സമിതി അധ്യക്ഷന്‍ റാം നാഥ് കോവിന്ദുമായി നിയമമന്ത്രാലയ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച്ച നടത്തി. തുടര്‍ച്ചയായി സിറ്റിങ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആലോചനയിലുണ്ട്. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചതിനോടും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനോടും പ്രതിപക്ഷ നിരയിലെ ഇന്ത്യ മുന്നണിക്ക് എതിര്‍പ്പുണ്ട്. നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും.
Adhir ranjan was included in the election reform committee because he gave his consent, says central government sources