k-fon-02

കെ ഫോണ്‍ പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണക്കാര്‍ കരാര്‍ നേടിയ ബെല്‍ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട എസ്.ആര്‍.ഐ.ടി എന്ന് സി.എ.ജി. ഉപകരാറുകാര്‍ക്കുമേല്‍ എസ്.ആര്‍.ഐ.ടിക്ക് നിയന്ത്രണമില്ല എന്നതടക്കമുള്ള ബെല്ലിന്‍റെ വിമര്‍ശനങ്ങള്‍ സി.എ.ജിയുടെ ഓഡിറ്റ് പരാമര്‍ശത്തില്‍ ഉണ്ട്. 2022 ഡിസംബര്‍ വരെയുള്ള പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ എസ്.ആര്‍.ഐ.ടി വീഴ്ചകള്‍  സമ്മതിച്ചെന്നും സി.എ.ജി രേഖ വ്യക്തമാക്കുന്നു. സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കെ ഫോണിലെ വീഴ്ചകളും പോരായ്മകളും ഓരോന്നായി കണ്ടെത്തി വിശദീകരണം തേടുകയാണ് സി.എ.ജി. ജനുവരി 18ന് ചേര്‍ന്ന പദ്ധതി അവലോകന യോഗത്തില്‍ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം ബെല്‍ എസ്.ആര്‍.ഐ.ടിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചു. 2022 ഡിസംബര്‍ വരെ ചെയ്യാന്‍ ലക്ഷ്യമിട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്ന് ബെല്‍ യോഗത്തില്‍ വ്യക്തമാക്കി. 339 കിലോമീറ്റര്‍ നീളത്തില്‍ വലിക്കേണ്ട എ.ഡി.എസ്.എസ് കേബിള്‍ 219 കിലോമീറ്റര്‍ ദൂരത്തിലേ വലിച്ചിരുന്നുള്ളു. കാലതാമസത്തിന് കാരണമായി എസ്.ആര്‍.ഐ.ടി വരുത്തിയ വീഴ്ചകള്‍ ബെല്‍ അധികൃതര്‍ യോഗത്തില്‍ എണ്ണിപ്പറഞ്ഞു. 

 

കരാറില്‍ പറഞ്ഞയത്രയും ജീവനക്കാരെ എസ്.ആര്‍.ഐ.ടി വിന്യസിച്ചില്ല. ചുതലയേല്‍പ്പിച്ച ജീവനക്കാരില്‍ മിക്കവരും ജോലിക്കെത്തുന്നുമില്ല. ഉപകരാര്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കു മേല്‍ എസ്.ആര്‍.ഐ.ടിക്ക് നിയന്ത്രണമില്ല ഇങ്ങനെ നീളുന്നു ബെല്ലിന്‍റെ വിമര്‍ശനം. ഈ വീഴ്ചകള്‍ സമ്മതിച്ച എസ്.ആര്‍.ഐ.ടി പ്രതിനിധികള്‍ പ്രശ്നം പരിഹരിക്കുമെന്ന് യോഗത്തില്‍ ഉറപ്പും നല്‍കി. പദ്ധതിയുടെ കാലതാമസവും ഗുണനിലവാരമില്ലായ്മയും ഇതില്‍ നിന്ന് വ്യക്തമാണെന്നാണ് സി.എ.ജിയുടെ നിലപാട്. കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്ന കെ.എസ്.ഐ.ടി.ഐ.എലിന്‍റെ വിശദീകരണത്തിനായി ജൂലൈ 12ന് സി.എ.ജി ഓഡിറ്റ് പരാമര്‍ശം അയച്ചു കൊടുത്തിട്ടുണ്ട്.

K-FON cag report against srit