മാർപ്പാപ്പയുടെ പ്രതിനിധിയുടെ അന്ത്യശാസനത്തിനിടെ സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള നീക്കത്തിൽ വിവിധ പള്ളികളിൽ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് അഞ്ച് പള്ളികളിൽ കുർബാന തടസപ്പെട്ടു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൂദാശകൾ ഉണ്ടാകില്ല. അങ്കമാലി മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി, വടക്കൻ പറവൂർ കോട്ടയ്ക്കാവ് സെൻറ് തോമസ് പള്ളി എന്നിവിടങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയ വൈദികരെ ഒരു വിഭാഗം തടഞ്ഞു. 

മലയാറ്റൂർ സെൻറ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കാനുള്ള നീക്കം ഒരുവിഭാഗം തടഞ്ഞതോടെ കുർബാന തടസ്സപ്പെട്ടു. എഴുപുന്ന നടുവട്ടം എന്നിവിടങ്ങളിലും പ്രതിഷേധത്തെ തുടർന്ന് കുർബാന നടന്നില്ല. കാക്കനാടും , ഫോർട്ടു കൊച്ചിയും, മറുത്തോർവട്ടവുമടക്കം കുറച്ച് സ്ഥലങ്ങളിൽ ഏകീകൃത കുർബാന അർപ്പണം നടന്നു. മിക്ക പള്ളികളിലും കഴിഞ്ഞ വർഷം മാർപ്പാപ്പ നൽകിയ സന്ദേശം വായിച്ചു. അതേസമയം എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ പ്രതിഷേധത്തെ തുടർന്ന് കുർബാന ഒഴിവാക്കി. സമാധാനാന്തരീക്ഷത്തിലാണ് കുർബാന അർപ്പിക്കേണ്ടതെന്നും ഇനി അധികൃതരുടെ കൃത്യമായ നിർദേശം ലഭിക്കുന്നതുവരെ ബസിലിക്കയിൽ ഒരു വിധത്തിലുമുള്ള കൂദാശകൾ ഉണ്ടാകില്ലെന്നും വികാരി ഫാദർ ആന്റണി പൂതവേലിൽ അറിയിച്ചു. ജനാഭിമുഖ കുർബാനയിൽ സിനഡ് അനുകൂല നിലപാടെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പള്ളിയിലെത്തിയിട്ടും ഏകീകൃത കുർബാനയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർ വികാരിമാർക്ക് പരാതി എഴുതി നൽകി.

Issue in public offering of Mass in Syro Malabar Sabha